"നല്ല കാര്യങ്ങൾ ആരംഭിക്കുന്നതിനായി ചില കാര്യങ്ങൾ അവസാനിക്കേണ്ടതുണ്ട്" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ചാൽ എന്തൊക്കെ മാറ്റങ്ങളാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. പ്രകൃതിയാണ് നമ്മുടെ ഒരു പാഠശാല. സമൃദ്ധിയായി വളർന്ന് പന്തലിച്ച പുല്ലുകളും സസ്യലതാതികളും കൊടിയ വേനൽ ചൂടിൽ കരിഞ്ഞുണങ്ങി നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറില്ലേ.

കുറച്ചുനാളുകൾക്കു ശേഷം പെയ്യുന്ന പുതുമഴയിൽ പൂർവ്വാധികം ശക്തിയോടെ അവയൊക്കെ ഭൂമിയിൽ നിന്നും ഇരട്ടി ശക്തിയോടെ പൊട്ടി മുളച്ച പടരുന്നത് കാണാം. "ചില കാര്യങ്ങൾ അവസാനിക്കുന്നത് പുതിയൊരു തുടക്കത്തിന് വേണ്ടിയാണ്" എന്ന വാക്കുകൾ ഇതോട് ചേർത്ത് വയ്ക്കാവുന്നതാണ്.

പുതിയ പുലരിക്കായി ജീവിതം നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. നമ്മളൊക്കെ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ എല്ലാം ശുഭകരമാകും. എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലായിരിക്കുകയില്ല കാര്യങ്ങളുടെ പോക്ക്.

 നമുക്ക് വേണ്ടി അനേകം അവസരങ്ങൾ പ്രകൃതി തന്നെ നമ്മുടെ മുമ്പിലേക്ക് തുറന്ന് വെക്കും. ഒന്നും അവസാനിക്കാതെ, അവസാനിപ്പിക്കാതെ പുതിയതൊന്നും തുടങ്ങാറില്ല, തുടങ്ങുകയുമില്ല. മനുഷ്യ ജീവിതത്തിൽ ചില കാര്യങ്ങൾ അവസാനിക്കുന്നത്  മികച്ച മറ്റൊന്ന് നമ്മളിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടിയാണ്.

മാറ്റങ്ങളെ ഭയപ്പെടാതെ ഇരുകൈയും നീട്ടി സ്വീകരിക്കുക. കഴിഞ്ഞുപോയ കാര്യങ്ങളെ മറക്കുക. നമ്മളെ തേടി വരാനിരിക്കുന്ന നല്ല നാളെകൾക്കായി തയ്യാറാവുക. നല്ല കാര്യങ്ങൾ ആരംഭിക്കുന്നതിനായി ചില കാര്യങ്ങൾ അവസാനിച്ചേ മതിയാകൂ എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web