ഇന്നത്തെ ചിന്താവിഷയം-"ആളുകൾ നല്ല ഓർമ്മകൾ പെൻഡ്രൈവിലും മോശം ഓർമ്മകൾ മനസ്സിലും സൂക്ഷിക്കുന്നു. ഓർമ്മകൾ സൂക്ഷിക്കുന്ന സ്ഥലം മാറ്റിയാൽ ജീവിതം തനിയെ മാറും"

 
happy

ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ, നമ്മൾ പോയ സ്ഥലങ്ങളെ, നല്ലതും ചീത്തയുമായ അനുഭവങ്ങളെ, വേദനിപ്പിച്ചതും സന്തോഷിപ്പിച്ചതുമായ നിമിഷങ്ങളെ നമുക്ക് മറക്കാൻ പറ്റുമോ. ഓർമ്മകൾ സൂക്ഷിക്കാൻ മനുഷ്യന് എത്ര നാൾ സാധിക്കും.  

നിറങ്ങളിൽ ചാലിച്ചതും, കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്തതുമായ കോടാനുകോടി ദൃശ്യങ്ങൾ ഒരു മനുഷ്യായുസ്സിൽ ഓരോരുത്തരിലും സൂക്ഷിക്കപ്പെടുന്നു. പല പല കാരണങ്ങൾ കൊണ്ട് ആ ദൃശ്യങ്ങളിൽ പൂപ്പലുകൾ പിടിക്കാം. ഓർമ്മകൾ നഷ്ടപ്പെട്ട  ജീവിതം എത്ര പരിതാപകരമാണ്. ഇന്നത്തെ കാലത്ത് സ്മൃതിനാശം മനുഷ്യരിൽ സർവ്വസാധാരണമായിരിക്കുന്നു.

ആളുകളെ സ്ഥലങ്ങളെ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന അവസ്ഥ. പുറത്തിറങ്ങിയാൽ തിരികെ വീട്ടിലേക്ക് പോകാൻ അറിയാതെ വഴിതെറ്റി അലയുന്ന അവസ്ഥ. ഓർമ്മകൾ മായുമ്പോൾ മനുഷ്യ ജീവിതം പൊള്ളയാവുന്നു. നല്ലതും ചീത്തയുമായ ഓർമ്മകൾ സൂക്ഷിച്ചിരുന്ന ഇടങ്ങൾ ശൂന്യമാകുമ്പോൾ സാക്ഷികളാകുന്ന വേവുന്ന മനസ്സുകൾ. സാധാരണയായി ഈ അവസ്ഥകൾ മനുഷ്യന് പ്രായാധിക്യത്താൽ സംഭവിക്കുന്നതാണ്.

എന്നാൽ ഇന്നത്തെ കാലത്ത് ആളുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നത് അവരെ വേദനിപ്പിച്ചതും സങ്കടപ്പെടുത്തുന്നതും ദേഷ്യം പിടിപ്പിക്കുന്നതുമായ കാര്യങ്ങൾ മാത്രമാണോ. വിഷാദത്തിലേക്ക്  യുവതലമുറ അമരുന്നത് കാണുമ്പോൾ ഇങ്ങനെ തോന്നിപ്പോകും.  

സമൂഹത്തിനും രാജ്യത്തിനും സ്വന്തം വീടിനും ഇവർ വലിയ ബാധ്യതയായി മാറില്ലേ. നല്ല അനുഭവങ്ങളെ ഓർമ്മയിൽ സൂക്ഷിക്കുന്നതിന് പകരം ആളുകൾ ഇന്ന് അവയെ പെൻഡ്രൈവിലേക്ക് മാറ്റുകയാണ്. മോശമായ അനുഭവങ്ങളെ മനസ്സിലും സൂക്ഷിച്ചുവയ്ക്കുന്നു.

ഏകാന്തതയുടെ  നിമിഷങ്ങൾ തരളിതമാക്കിയിരുന്ന  നല്ല ഓർമ്മകളെ ഉണർത്തി താലോലിച്ചു കൊണ്ടിരുന്ന പഴയ തലമുറ, ഇന്നത്തെ "ജെൻസി"കൾക്ക് പഴഞ്ചടാക്കായി തോന്നും. നല്ലതും മോശമായ ഓർമ്മകളെ അവരുടെ ചിന്തകളുടെ വ്യത്യസ്ത അറകളിലായിരുന്നു അവർ സൂക്ഷിച്ച് വെച്ചിരുന്നത്.

അവരുടെ ജീവിതത്തിലെ  ഉയർച്ചകൾക്കും പുരോഗതിക്കും അനുയോജ്യമായ ഓർമ്മകളെ മാത്രമേ അവർ പുറത്തെടുക്കുമായിരുന്നുള്ളൂ. കാലത്തിന് അനുസരിച്ച് ജീവിത സാഹചര്യം മാറുമ്പോൾ ഒന്നും തന്നെ പറഞ്ഞിട്ട് കാര്യമില്ല. ജീവിതം നിശ്ചലമാകാതിരിക്കാൻ, പെൻഡ്രൈവിൽ സൂക്ഷിക്കുന്ന നല്ല ഓർമ്മകളെ മനസ്സിലും, മനസ്സിൽ  സൂക്ഷിക്കുന്ന മോശം ചിന്തകളെ പെൻഡ്രൈവിലേക്കും പ്രവേശിപ്പിച്ചാൽ മാത്രം മതി.

Tags

Share this story

From Around the Web