ഇന്നത്തെ ചിന്താവിഷയം -"നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, മറിച്ച് വീഴുമ്പോഴെല്ലാം എഴുന്നേൽക്കുന്നതിലാണ്"
പരാജയപ്പെടുക എന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ കൂടി മനുഷ്യർക്ക് ഭയമാണ്. എല്ലാവരും വിജയം ആഗ്രഹിക്കുന്നവരാണ്. അത് കളികളിൽ ആയാലും വിദ്യാഭ്യാസത്തിൽ ആയാലും ജീവിതത്തിലായാലും തോൽക്കുവാൻ ആർക്കും ഇഷ്ടമല്ല. എന്നാൽ തോൽപ്പിക്കാനായി കൂടെ നിൽക്കുന്നവർ ആയിരിക്കും ആദ്യം തന്നെ ഇറങ്ങിത്തിരിക്കുന്നത് എന്ന് പലരും അവരുടെ അനുഭവങ്ങൾ വെച്ച് പറയുന്നത് കേട്ടിട്ടുണ്ട്. മനുഷ്യൻ്റെ ശത്രു മനുഷ്യൻ തന്നെയാണല്ലോ. ചതിക്കുഴികൾ ഒരുക്കി മനുഷ്യനെ കെണിയിൽ വീഴ്ത്തുന്ന ചതിയന്മാരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. വലിയ ബിസിനസ് തന്ത്രങ്ങളുടെ തലതൊട്ടപ്പന്മാരെ പോലും നിലംപരിശാക്കാൻ വാരിക്കുഴികൾ ഒരുക്കിയ ചതിയുടെ പിന്നാമ്പുറ കഥകൾ. രാഷ്ട്രീയത്തിലും ഭരണത്തിലും ഒക്കെ ഇത് പയറ്റി വിജയിക്കുന്നുണ്ട്. ഒരാൾ അയാളുടെ ജീവിതത്തിൽ നില തെറ്റി വീഴാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചാലും നിർഭാഗ്യവശാൽ വീണു പോകും. വീഴാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചാലും ചിലപ്പോൾ സകലതിനെയും തകിടം മറിച്ചു കളയാൻ ആരെങ്കിലും ഒരാൾ ഉണ്ടാവും. ജീവിതത്തിൽ തകർച്ച ഉണ്ടാകാതിരിക്കുന്നതിൽ അല്ല, മറിച്ച് തകർന്ന് വീഴുമ്പോൾ, വീഴ്ചയിൽ നിന്നും പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ കഴിവ് തെളിയിക്കേണ്ടത്.