ഇന്നത്തെ ചിന്താവിഷയം: "ഒരിക്കലും പഠിക്കുന്നത് നിർത്തരുത്; ജീവിതം ഒരിക്കലും പഠിപ്പിക്കുന്നത് നിർത്തരുത്"
എല്ലാത്തിനോടും ഇഷ്ടം ഉള്ളവരാകുക. അങ്ങനെ ഒരു മനസ്സ് വളർത്തിയെടുത്താൽ ആഗ്രഹിക്കുന്നതെല്ലാം കൈകളിൽ എത്തിച്ചേരും. പഠിക്കാനും ഇഷ്ടം ഉണ്ടാകണം.
പഠിച്ചുകൊണ്ടിരിക്കുക. ചില ആളുകൾ എത്ര വയസ്സായാലും പിന്നെയും പഠിക്കുന്നത് നമ്മൾ വായിക്കുകയും കേൾക്കുകയും ചെയ്യാറുണ്ട്. വിവിധ വിഷയങ്ങളിൽ അവഗാഹം നേടുക എന്നതാണ് അവരുടെ ലക്ഷ്യം. സ്കൂളിൽ പഠിക്കുമ്പോൾ എത്രയും പെട്ടെന്ന് ഈ വർഷം ഒന്ന് തീർന്ന് കിട്ടിയിരുന്നു എങ്കിൽ എന്ന് പലർക്കും തോന്നിയിട്ടില്ലേ.
സ്കൂളിൽ പോകാതെ മടിപിടിച്ചിരുന്ന വിദ്യാഭ്യാസ കാലത്തെ കുറിച്ച് ഇന്ന് ഓർക്കുമ്പോൾ പലർക്കും ചിരി വരും. വളർന്നു വലുതായപ്പോൾ വിദ്യാർത്ഥി ആയിരുന്ന കാലത്തെ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഇടയ്ക്കിടെ തികട്ടി വരികയും ചെയ്യും. ഇവിടെ പറഞ്ഞു വരുന്നത്, പഠിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കാതിരിക്കുക.
എത്രമാത്രം അറിവ് സമ്പാദിക്കാമോ അത് നേടുക. കേവലം പുസ്തകത്താളുകളിൽ നിന്ന് ലഭിക്കുന്ന, ഒരു സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നത് മാത്രമല്ലല്ലോ വിദ്യാഭ്യാസം. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നമുക്ക് ചുറ്റും അനേകം ഗുരുക്കന്മാർ ഉണ്ട്.
നിസ്സാരന്മാർ എന്ന് കരുതുന്ന ഉറുമ്പുകളും തേനീച്ചകളും എട്ടുകാലികളും പൂമ്പാറ്റകളും പക്ഷികളും മൃഗങ്ങളും അരുവികളും നദികളും കുളങ്ങളും മരങ്ങളും മഞ്ഞും മഴയും വെയിലും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മേഘങ്ങളും കാറ്റും വെളിച്ചവും തുടങ്ങി എല്ലാം നമ്മളെ പാഠങ്ങൾ പഠിപ്പിക്കുന്ന ഗുരുക്കന്മാരാണ്. ഓരോന്നിലും ജീവിതത്തിൽ പകർത്താനുള്ള പാഠങ്ങൾ അവിടെ ഉണ്ടാവും.
കരകൗശല വിദ്യകളും, ആയുധ വിദ്യകളും, ശാസ്ത്ര സാങ്കേതിക വിദ്യകളും, വൈദ്യവും, ഔഷധ നിർമ്മാണവും, അദ്ധ്യാപനവും തുടങ്ങി എത്രയോ തൊഴിലുകൾ ആണ് നമുക്ക് ഓരോരുത്തർക്കും ആയി കരുതി വച്ചിരിക്കുന്നത്. അതുപോലെയാണ്, ജീവിതവും നമ്മളെ പലതും പഠിപ്പിക്കുന്നത്.
ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ അഭംഗുരം തുടർന്ന് കൊണ്ടേയിരിക്കും. ആ പാഠശാലയാണ് ലോകത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മണ്ഡലം.
മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് ആ സർവ്വകലാശാലയിലെ പാഠ്യവിഷയം. പ്രത്യേക തരത്തിലുള്ള പാഠ്യ പദ്ധതികൾക്ക് അവിടെ സ്ഥാനമില്ല.
ആർക്കും അവിടെ പ്രവേശനവും ലഭിക്കും. അനുഭവങ്ങളാകുന്ന പ്രവൃത്തി പരിചയത്തിലൂടെ പഠനം തുടരുക.