ഇന്നത്തെ ചിന്താവിഷയം _"ജീവിതം ജീവിച്ചുതീർക്കാനുള്ളതാണ്, അല്ലാതെ സൂക്ഷിച്ചുവെക്കാനുള്ളതല്ല"
ഭൂരിഭാഗം ആളുകളും തങ്ങളുടെ സന്തോഷങ്ങളെ മറ്റൊരു ദിവസത്തേക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്. അതിന് പല പല കാരണങ്ങളും ഉണ്ടാവാം. അതിൽ പ്രധാനമായത് ധനപരമായ കാര്യം തന്നെയാണ്. സന്തോഷമുണ്ടാക്കുന്ന പല കാര്യങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് കാത്തിരിക്കുന്നവരുടെ എണ്ണം കൂടുതലല്ലേ.
ഇങ്ങനെ മാറ്റിവെക്കലുകളുടെയും കാത്തിരിപ്പുകളുടെയും ആകെത്തുകയാണ് നമ്മുടെ ജീവിതം. എന്നാൽ യഥാർത്ഥത്തിൽ ജീവിതം നാളേക്ക് വേണ്ടി മാറ്റിവെക്കേണ്ട ഒന്നാണോ.? നമ്മൾ ജീവിച്ചിരിക്കുന്ന ഈ നിമിഷം സന്തോഷത്തോടെയും സമാധാനത്തോടെയും അനുഭവിക്കേണ്ടതല്ലേ.
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാൻ പറ്റത്തില്ലല്ലോ.! പരാജയം ഉണ്ടാകുമെന്ന് കരുതി പുതിയ കാര്യങ്ങൾ ഒന്നും തന്നെ തുടങ്ങാതിരിക്കുകയും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കി വെക്കുകയും ചെയ്യുന്നവരുണ്ട്.
മാറ്റിവെച്ച് മാറ്റിവെച്ച് പ്രായമാകുമ്പോൾ എഴുന്നേറ്റ് നടക്കാനും ആവതില്ല, പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും ഉണ്ടാവുകയില്ല. അപ്പോൾ നഷ്ടപ്പെട്ട സമയത്തെ കുറിച്ച് ഓർത്ത് പരിതപിച്ചിട്ട് എന്താ കാര്യം. ഓരോ നിമിഷവും കടന്നു പോകുമ്പോൾ ജീവിതത്തിൻ്റെ നല്ല സമയങ്ങളാണ് നഷ്ടപ്പെട്ട് പോകുന്നത് എന്ന് ഓർക്കുക. കാലവും സമയം ആർക്കുവേണ്ടിയും കാത്തിരിക്കാറില്ലല്ലോ.
ശരീരത്തിൽ ജീവനുള്ള സമയത്ത്, ജീവിച്ചിരിക്കുന്ന കാലത്ത് ജീവിതം പൂർണ്ണമായി ആസ്വദിക്കുക. അതിനർത്ഥം ധൂർത്തരായി ജീവിക്കണം എന്നല്ല. ഉത്തരവാദിത്വബോധം ഉൾക്കൊണ്ടുകൊണ്ട് ചിലവഴിക്കുകയും, പരാജയങ്ങളെ ഭയപ്പെടാതെ ആഗ്രഹങ്ങളെ നേടിയെടുക്കുകയും ചെയ്യണം.