"ചിറക് തളരുമ്പോൾ വന്നിരിക്കാൻ ചില്ലയില്ലെങ്കിൽ പിന്നെന്തിനാണ് പറക്കാൻ ആകാശം" ഇന്നത്തെ ചിന്താവിഷയം

ലോകം എത്ര വിശാലമാണ് അല്ലേ. സാങ്കേതിവിദ്യയുടെ മുന്നേറ്റത്തിൽ ലോകം നമ്മുടെ വിരൽത്തുമ്പിലായി എന്നൊരു മറുവാദം ഉന്നയിച്ചേക്കാം. നമ്മുടെ വിഷയം അതൊന്നുമല്ല. ജീവിത കാലഘട്ടത്തിൽ മനുഷ്യൻ അനുഭവിക്കുന്ന വേദനകളും യാതനകളും എത്രത്തോളം ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റത്തില്ലല്ലോ.
കഷ്ടപ്പാടുകളും വിഷമങ്ങളും പേറി അലയുമ്പോൾ ആശ്വാസത്തിനായി നമ്മൾ ചുറ്റുപാടും ഒക്കെ പരതാറില്ലേ. ഒരു സാന്ത്വനത്തിനായി നമ്മൾ കൊതിച്ചിട്ടുണ്ടാവുമല്ലോ. മനസ്സും ശരീരവും തളരുമ്പോൾ വിശ്രമിക്കാൻ ഒരു കുഞ്ഞു ചില്ല എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചിട്ടില്ലേ.
സങ്കടം തുളുമ്പുന്ന വേളയിൽ ആരോടെങ്കിലും ഒന്ന് പറഞ്ഞ് ആശ്വസിക്കാൻ, ആരും ഇല്ലാത്ത അവസ്ഥയാണെങ്കിൽ നമ്മുടെ യാത്ര കൊണ്ട് എന്താണ് പ്രയോജനം.
അപ്പോൾ ഈ ലോകം ഇത്ര വിശാലമാകേണ്ടായിരുന്നു എന്ന് തോന്നിയാൽ അതിൽ അത്ഭുതപ്പെടാനില്ലല്ലോ. ഓരോരുത്തർക്കും അവരവരുടെ ചുറ്റിനും ആരെങ്കിലും ഒക്കെ ഉണ്ടാവേണ്ടത് നല്ലതാണ്. അവരുടെ സാമീപ്യം കൊണ്ട് സുഖവും സമാധാനവും ലഭിക്കുകയാണെങ്കിൽ അതിൽപരം എന്താണ് വേണ്ടത്.
സുഭാഷ് ടിആർ