"നിങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികളിലൂടെ വളരുക" ഇന്നത്തെ ചിന്താവിഷയം
എപ്പോഴും ഒരുപോലെ ഒഴുകുന്ന ഒരു പുഴയാണ് ജീവിതമെന്ന് തോന്നുന്നുണ്ടോ. സന്തോഷവും സമാധാനവും ദുഃഖവും പ്രതിസന്ധികളും ജീവിതത്തിൽ മാറിമാറി വരാറുണ്ട്. കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ തളർന്നുപോകാം. പക്ഷേ നിങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികളിലൂടെ വളരുക എന്ന ചിന്ത ജീവിതത്തെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കും. പോസിറ്റീവായ മനോഭാവം, ആ ചിന്തകൾ നമ്മുടെ ഉള്ളിൽ സൃഷ്ടിക്കും.
നമുക്ക് ഉണ്ടാകുന്ന പരാജയങ്ങളും തകർച്ചകളും വെറും വേദനകൾ മാത്രമല്ല പാഠങ്ങളാണ് എന്നു കൂടി ചിന്തിച്ചാൽ പ്രതിസന്ധികൾ നമ്മുടെ മുന്നിൽ തകർന്ന് വീഴുന്നത് കാണാം. മനുഷ്യരെല്ലാവരും ജീവിതത്തിലെ കഷ്ടപ്പാടുകളെയും തടസ്സങ്ങളെയും നേരിടേണ്ടി വരുമെന്ന് അറിയാമല്ലോ. അപ്പോഴാണ് അവരുടെ ഉള്ളിലെ യഥാർത്ഥ കരുത്ത് പുറത്തുവരുന്നത്.
ദുരനുഭവങ്ങൾ പുറകോട്ട് പിടിച്ചു വലിച്ചാലും, അവയിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചാൽ മാനസികമായി കൂടുതൽ ശക്തരാകാം.
ജീവിതത്തിൽ എന്ത് വേണമെങ്കിലും സംഭവിച്ചോട്ടെ, അതിനോട് നമ്മൾ പ്രതികരിക്കുന്ന രീതിയാണ് നമ്മളെ വിജയത്തിലേക്കോ പരാജയത്തിലേക്കോ എത്തിക്കുന്നത്. ജീവിതത്തിൽ നിങ്ങൾക്കുണ്ടാവുന്ന അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്.
സുഭാഷ് ടിആർ