"മനസ്സ് മടുപ്പിക്കുന്ന  തനിയാവർത്തനങ്ങളിൽ നിന്ന് രക്ഷപ്പെടുക" ഇന്നത്തെ ചിന്താവിഷയം 

 

 
sad

ഭൂരിഭാഗം ആളുകളും  എന്നും ഒരേ രീതിയിലായിരിക്കും ജീവിച്ച് പോകുന്നത്. രാവിലെ ഉണരുന്നു, കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ടൂവീലറും ഫോർവീലറും ഉള്ളവർ അതും എടുത്ത് ജോലിക്ക് പോകുന്നു. ഇതൊന്നുമില്ലാത്തവ ഓടിപ്പിടിച്ച് ബസ്സ് കയറി പോകുന്നു. വൈകുന്നേരം പതിവുപോലെ  തിരികെ വരുന്നു, ഭക്ഷണം കഴിക്കുന്നു ഉറങ്ങുന്നു. ഇതിനിടയിൽ കിട്ടുന്ന സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ ചീറി പായുന്നു. ഇങ്ങനെയുള്ള ഒരേ  ശീലങ്ങളുടെ, ദിനചര്യകളുടെ തനിയാവർത്തനത്തിലുടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. 

ജീവിതം അങ്ങനെ  ഒതുങ്ങാനുള്ളതല്ല, ഒതുങ്ങി കൊടുക്കാനുള്ളതുമല്ല. നമ്മൾക്കൊക്കെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ, നമ്മളും സമൂഹവും ചേർന്ന് പണികഴിപ്പിച്ച ഒരു വേലിയ്ക്കകത്താണ് ഇപ്പോഴും താമസിക്കുന്നത്, ജീവിക്കുന്നത് എന്നാണ്.  ഈ ഫ്രെയിമിൽ നിന്നും പുറത്ത് കടന്നാൽ  മറ്റൊരു ലോകത്തേക്ക് കടക്കാം എന്നിരിക്കെ, ആരും അതിന് തയ്യാറാകുന്നില്ല. അദൃശ്യമായ ചട്ടങ്ങളും,  ചട്ടക്കൂടുകളും ലംഘിച്ച് കടന്നു  പോയിട്ടുള്ളവരാണ്  ആസ്വദിക്കുന്നതും സന്തോഷിക്കുന്നതും ശരിക്കും ജീവിക്കുന്നത്, നാടൻ ഭാഷയിൽ പറഞ്ഞാൽ അടിച്ചുപൊളിച്ചു ജീവിക്കുന്നത്. 

സാധാരണയായി  അനുവർത്തിച്ചു വരുന്ന കാര്യങ്ങളിൽ നിന്ന് മാറി, വലിയ വലിയ കാര്യങ്ങൾ ചെയ്യണം എന്നല്ല പറഞ്ഞുവരുന്നത്. നമ്മൾ എന്നും ചെയ്യുന്ന പ്രവർത്തനങ്ങളിലും ചിന്തകളിലും ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാൽ മതി. എന്നും യാത്ര ചെയ്യുന്ന ബസ്സ് ഒന്ന് ഇടയ്ക്ക് മാറിക്കയറുക, വേഷവിധാനങ്ങളിൽ മാറ്റം വരുത്തുക, സ്ഥിരം യാത്ര ചെയ്യുന്ന വഴി അല്ലാതെ മറ്റൊരു വഴി കണ്ടെത്തുക, അതിലൂടെ പോവുക, പ്രഭാതഭക്ഷണം അല്ലെങ്കിൽ ഉച്ചഭക്ഷണം പുറത്തുനിന്ന് കഴിക്കുക, ഇടയ്ക്കിടയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക. ഇത്തരം മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, 

നമ്മുടെ ഉള്ളിൽ തണുത്തുറഞ്ഞു  കിടക്കുന്ന പ്രതിഭ ഉണരും. ആളുകളെയും സമൂഹത്തെയും ഒന്നും ഭയപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ ഇഷ്ടം എന്താണോ, അത് ചെയ്യുക.  അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ദോഷം ഉണ്ടാകാതെ നോക്കണമെന്ന് മാത്രം. മനുഷ്യ ജീവിതം ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ. അതിനെ  മനോഹരമായ അനുഭവങ്ങളുടെ ലൈബ്രറി ആക്കൂ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web