"നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്തത്ര ശക്തിയുണ്ട്" ഇന്നത്തെ ചിന്താവിഷയം
ശരിക്കും പറഞ്ഞാൽ മനുഷ്യരിൽ എത്ര പേർ അവരവരുടെ ആന്തരിക ശക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടാകും.? മനുഷ്യരിലെ യഥാർത്ഥ കഴിവിന്റെ വളരെ കുറച്ചു മാത്രമേ അവൻ തിരിച്ചറിയുന്നുള്ളൂ, പ്രയോജനപ്പെടുത്തുന്നുള്ളൂ എന്നറിയാമല്ലോ. ബാഹ്യസമ്പർക്കങ്ങൾ മൂലം ഉണ്ടാകുന്ന ആകർഷണ ചുഴികളിൽ പെട്ട മനുഷ്യൻ അതിൽ വശംവദനായി തീരുകയാണ്.
അവൻ്റെ കഴിവുകൾ പ്രയോഗിക്കാൻ കിട്ടുന്ന അവസരങ്ങളും ഇന്ന് കുറഞ്ഞു വരികയാണ്. സാങ്കേതിക വിദ്യ, അതിൻ്റെ ഉപഞ്ജാതാക്കളുടെ തലച്ചോറിന്റെ വിശ്രമമില്ലാത്ത അദ്ധ്വാനത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ, അതിൻ്റെ ഉപഭോക്താക്കളുടെ മസ്തിഷ്കത്തെ, ചിന്തകളെ പ്രയോജനപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. കാരണം, അവർ ആഗ്രഹിച്ച രീതിയിൽ ആഗ്രഹിച്ചത് ക്ലേശങ്ങൾ കൂടാതെ കൈയിലെത്തിയല്ലോ.
ആർട്ടിഫിഷ്യൽ ഇൻറലിജൻസും എത്തിയതോടെ മനുഷ്യൻ്റെ ചിന്താശേഷിയെയും,സർഗ്ഗവാസനകളെയും മരവിപ്പിച്ചു തുടങ്ങി. നമ്മുടെയൊക്കെ അന്തരാളത്തിൽ ആരും അറിയാതെ കിടക്കുന്ന ആത്മശക്തിയെ ഉണർത്തുന്ന തിരിച്ചറിവുകൾ എന്തുകൊണ്ടാണ് മനുഷ്യർ അറിയാതെ പോകുന്നത്.? അത് തിരിച്ചറിയാതെ കായിക ബലത്തിന്റെ ശക്തിയെ പരമാവധി വലുതാക്കാനാണ് മനുഷ്യർക്ക് താല്പര്യം.
ജീവിതത്തിൽ ഉണ്ടാകുന്ന നിർണായക ഘട്ടങ്ങളിൽ, നമ്മളെ പോലും അറിയിക്കാതെയാണ് ഉള്ളിൽ നിന്നും പല തീരുമാനങ്ങളും പുറത്തുവരുന്നത്. വലിയ കുഴപ്പങ്ങളിലേക്ക് കൂപ്പുകുത്തുന്നതിന് മുമ്പ് നമ്മളെ പിടിച്ചുനിർത്തുന്നത് ആന്തരിക ശക്തിയുടെ ഇടപെടലായിരുന്നു എന്ന് പിന്നീടാണ് നമ്മൾ അറിയുന്നത്.
വിഷമഘട്ടങ്ങളിൽ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നമ്മുടെ മനസ്സ് ആകെ പ്രക്ഷുബ്ധമാകുമല്ലോ. ചുറ്റുപാടുകൾ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങളിൽ ആടിയുലയുന്ന മനസ്സിന് ശരിയായ തീരുമാനമെടുക്കാൻ സാധിക്കത്തില്ല. മനസ്സിനെ ശാന്തമാക്കാൻ വളരെയധികം യത്നിക്കേണ്ടതുണ്ട്.
അങ്ങനെയൊക്കെയുള്ള അവസരത്തിൽ ആറാം ഇന്ദ്രിയം എന്ന് വിശേഷിപ്പിക്കുന്ന, ഓരോ മനുഷ്യന്റെയും ഉള്ളിൽ മയങ്ങുന്ന ശക്തി തനിയെ പുറത്തുവരും.
ആ ശക്തിയാണ് നമ്മളെ പല അപകടങ്ങളിൽ നിന്നും, കുഴപ്പം പിടിച്ച സ്ഥലങ്ങളിൽ നിന്നും രക്ഷിച്ചു കൊണ്ടു വരുന്നത്. ആ ശക്തി തന്നെയല്ലേ, മാറാ രോഗങ്ങളിൽ നിന്നു പോലും പലരെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതും.! പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രേരണ, ധൈര്യം, ആത്മവിശ്വാസം ഒക്കെ നൽകുന്നതും മറ്റൊന്നുമല്ല.
സുഭാഷ് ടിആർ