ഇന്നത്തെ ചിന്താവിഷയം:നിങ്ങളുടെ സമയം, ഊര്‍ജ്ജം, ഇടം എന്നിവയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരായിരിക്കുക'
മനുഷ്യര്‍ എല്ലാവരും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സ്വാര്‍ത്ഥത ഉള്ളവരാണ്. അത് എന്തിനോടെങ്കിലും ആകാം. സ്വന്തം കുടുംബത്തോട്, ഇഷ്ടങ്ങളോട്, ജോലിയോട്, സ്വകാര്യ വസ്തുക്കളോട് അങ്ങനെ എന്തിനോടും മനുഷ്യന്‍ സ്വാര്‍ത്ഥത പുലര്‍ത്താറുണ്ട്.
മറ്റുള്ളവരെ കണക്കാക്കാതെ സ്വന്തം കാര്യം മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥമതികളാണ് സമൂഹത്തില്‍ അധികവും. ഇത് മനുഷ്യനെ കുറിച്ചുള്ള ഒരു പൊതുവായ കാഴ്ചപ്പാടാണ്.
എന്നാല്‍ ജീവിതത്തില്‍ വിജയിക്കാന്‍ നമ്മള്‍ ചില സമയങ്ങളില്‍ സ്വാര്‍ത്ഥരാകേണ്ടത് അനിവാര്യമാണ്. അതായത്, നമ്മുടെ വിലയേറിയ സമയവും, ഊര്‍ജ്ജവും, നമ്മുടെ സ്വകാര്യതയും പരി പാലിക്കേണ്ടതായി വരുമ്പോള്‍ നമ്മള്‍ സ്വാര്‍ത്ഥരാകണം.
എന്ന് വെച്ച് മറ്റുള്ളവരെ പരിഗണിക്കാതിരിക്കുന്നതിനോ, അവരെ കരുതാതിരിക്കുന്നതിനോ വേണ്ടിയല്ല. നമ്മുടെ വിജയത്തിനു വേണ്ടിയുള്ള ഒരു മുന്‍കരുതലാണ് എന്ന് മാത്രം ഇതിനെ കണ്ടാല്‍ മതി.
നഷ്ടമാകുന്ന ഓരോ സെക്കന്റുകളും തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തതാണ് എന്നോര്‍ത്ത് കൊണ്ട് ഓരോ നിമിഷവും ജീവിതത്തില്‍ പ്രയോജനപ്പെടുത്തുക. നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങളുടെ പുറകെ പോയി സമയം പാഴാക്കാതിരിക്കുക.
അത് ലക്ഷ്യങ്ങളില്‍ നിന്ന് നമ്മളെ വ്യതിചലിപ്പിക്കും. അനാവശ്യമായ തര്‍ക്കങ്ങളും പരദൂഷണവും നെഗറ്റീവ് ചിന്തകളും നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തെ പുറകോട്ട് പിടിച്ചു വലിക്കുന്നതാണ്. അത് നമ്മുടെ മനസ്സിനെ വേദനിപ്പിക്കുകയും മനസ്സമാധാനം ഇല്ലാതാക്കുകയും ചെയ്യും.
ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ, ഉപദ്രവകാരികളായ ആളുകളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുക. മാനസികമായ സന്തോഷമാണല്ലോ നമ്മുടെ ഊര്‍ജ്ജവും നമ്മുടെ ശക്തിയും. അതുപോലെ ഓരോരുത്തര്‍ക്കും സ്വകാര്യത എന്നത് അവരുടെ അവകാശമാണ്. ആ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആരെയും അനുവദിക്കരുത്.
നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം മറ്റുള്ളവരെ ഏല്‍പ്പിക്കാതിരിക്കുക. വിലപ്പെട്ട നിങ്ങളുടെ സമയവും ഊര്‍ജ്ജവും സ്വകാര്യതയും നിങ്ങളുടെ കൈകളില്‍ തന്നെ ഭദ്രമാക്കി വയ്ക്കുക.