"കളി മാറ്റുന്നവരാകൂ, ലോകം ഇതിനകം കളിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു" ഇന്നത്തെ ചിന്താവിഷയം
വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളുടെ വിജയഗാഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ജീവിത പോരാട്ട മുഖത്തേക്ക് എപ്പോഴും ഒരേ വഴികളിൽ കൂടി പോകുവാനാണ് ആളുകൾക്ക് എന്നും ഇഷ്ടം. സമൂഹത്തിൽ നിത്യം കാണുന്നതാണ് ഈ ആവർത്തന വിരസത. മുൻഗാമികൾ ചെയ്തുകൂട്ടിയ അതേ കാര്യങ്ങൾ ചെയ്യുന്ന കോടിക്കണക്കിന് കളിക്കാർ ലോകത്തുണ്ട്.
ഉദാഹരണത്തിന് രാഷ്ട്രീയക്കാരുടെ കാര്യം എടുക്കാം. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി, അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുന്നതിന് വേണ്ടിയാണല്ലോ ഇവരെ അധികാരത്തിൽ ഏറ്റുന്നത്. വർഷങ്ങളായി തുടർന്ന് പോരുന്ന മാമൂലകളെ മാറ്റിമറിക്കാനുള്ള ധൈര്യം ഇവരാരും ഇന്നുവരെ കാണിച്ചിട്ടില്ല. ജനങ്ങൾക്ക് ഓർക്കാൻ തക്കവിധത്തിൽ, പ്രവർത്തിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
വെറുമൊരു കളിക്കാരനാകാനാണ് അവർ ഇഷ്ടപ്പെടുന്നത്. തങ്ങൾക്ക് മുമ്പുണ്ടായിരുന്നവർ തെളിച്ച പാതയിലൂടെ നടക്കുന്നതാണ് അവർക്ക് ഇഷ്ടം. കാരണം ആക്ഷേപങ്ങളും വിമർശനങ്ങളും കേൾക്കേണ്ടല്ലോ എന്ന ചിന്തയാണ്. ഒരു സിസ്റ്റത്തിന്റെ ഭാഗമായി ജയിച്ചു വന്നു, കൂടെയുള്ള കളിക്കാരോടൊപ്പം എന്തൊക്കെയോ ചെയ്ത് കളി അവസാനിപ്പിക്കുന്നു.
നിലവിലുള്ള രീതികളെ ചോദ്യം ചെയ്യുകയും, സ്വന്തമായി പുതിയ വഴികൾ വെട്ടിത്തുറക്കുകയും ചെയ്യുന്ന ഗെയിം ചേഞ്ചേഴ്സ് ആകാൻ ഇവർക്കൊക്കെ കഴിയാത്തത് എന്താണ്. പ്രതിഭയും കഠിനാധ്വാന ശീലവും ഉണ്ടെങ്കിലും മറ്റുള്ളവർ നിശ്ചയിച്ച അതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ വ്യത്യസ്തമായി ചിന്തിച്ച് പ്രവർത്തിക്കാൻ പലർക്കും കഴിയുന്നില്ല. ലോകത്തിൻ്റെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറായില്ലെങ്കിൽ കളിക്കളത്തിന് പുറത്താവും. ചരിത്രത്തിൻ്റെ ഭാഗമായി മാറാൻ കളികൾ മാറ്റിമറിയ്ക്കൂ.!
സുഭാഷ് ടിആർ