"നിങ്ങളുടെ ജീവിതത്തിന് മൂല്യം കൂട്ടുന്നവരെ വിലമതിക്കുക" ഇന്നത്തെ ചിന്താവിഷയം 
 

 
people

ഓരോ മനുഷ്യർക്കും അവരുടേതായ മൂല്യങ്ങൾ ഉണ്ട്. അത് അവരുടെ വ്യക്തിത്വത്തെയും സ്വഭാവ ഗുണത്തെയും ഒക്കെ ആശ്രയിച്ചായിരിക്കുമല്ലോ. മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ച് ആയിരിക്കും ആളുകളെ സമൂഹം വിലയിരുത്തുന്നത്.

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്, തങ്ങളെ എല്ലാവരും ആദരിക്കണം സ്നേഹിക്കണം ബഹുമാനിക്കണം എന്നൊക്കെയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ചെറിയവൻ എന്നോ വലിയവൻ എന്ന് ഭേദമില്ലാതെ എല്ലാവർക്കുമുണ്ട് അന്തസ്സും അഭിമാനവും. നമ്മളെ ചേർത്തുപിടിക്കുന്ന ഒത്തിരി കരങ്ങളുമുണ്ട്.

നമ്മളെ തട്ടി മാറ്റുന്ന കരങ്ങളും ധാരാളം ഉണ്ടാവും. നമ്മുടെ ചുറ്റും ഇത്തരം മനുഷ്യർ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. നമ്മളെ തട്ടിമാറ്റുന്നവരോട് ഒരിക്കലും നമ്മൾ സമരസപ്പെട്ട് പോകാറില്ല. അവർക്ക് ആരോടും തന്നെ പ്രതിപത്തിയോ വിശ്വാസമോ സ്നേഹമോ ഉണ്ടാകത്തുമില്ല. എപ്പോഴും മറ്റുള്ളവരെ പുച്ഛിക്കുവാനും ഭർത്സിക്കുവാനും അവർ മുമ്പിലുണ്ടാവും.

അതുപോലെ വേറെ ചിലരുണ്ട്, അവരുടെ സംസാരവും പെരുമാറ്റവും നമ്മളോടുള്ള ഇടപെടലും നമ്മളെ പെടുത്താനായിരുന്നു എന്ന് അറിയുന്നത് നമ്മൾ അവരുടെ കെണിയിൽ പെട്ടു പോകുമ്പോഴാണ്. നമ്മൾ അവരുടെ ചതിക്കുഴിയിൽ വീണ് കിടക്കുമ്പോഴും അവർ ഒന്നും സംഭവിക്കാത്തത് പോലെ നമ്മുടെ മുന്നിൽ നിൽക്കുന്നുണ്ടാവും.

മനുഷ്യർ  ബലഹീനരാകുന്നത് പല പല കാരണങ്ങൾ കൊണ്ടായിരിക്കും. സാമ്പത്തിക പരാധീനതകളോ, രോഗമോ, തൊഴിലില്ലായ്മയോ ഒക്കെ മനുഷ്യരെ ദുർബലരാക്കും. നമ്മുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യാൻ  ഒട്ടനേകം ആളുകളും വരും.

എന്നാൽ നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞ്, നമ്മുടെ ബലഹീനതകൾ  മനസ്സിലാക്കി, ജീവിതത്തിൽ നിലയും വിലയും നൽകി നമ്മളെ ചേർത്തുനിർത്തുന്ന കരങ്ങൾ നമ്മളെ തേടി എത്താറില്ലേ. അങ്ങനെയുള്ളവരെ നമ്മൾ എന്നും മാനിക്കുകയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യണം. മറ്റുള്ളവർ നമ്മളെ ഇകഴ്ത്തുമ്പോൾ നമ്മുടെ ജീവിതത്തിന് മൂല്യം കൂട്ടുന്നവരെ നമ്മൾ എന്നും വിലമതിക്കുക.

Tags

Share this story

From Around the Web