"എപ്പോഴും ഓർമ്മിക്കാതെ കൊടുക്കുക, എപ്പോഴും മറക്കാതെ സ്വീകരിക്കുക" ഇന്നത്തെ ചിന്താവിഷയം
ചില ആളുകൾ ഉണ്ട് മറ്റുള്ളവർക്ക് ആവശ്യമുള്ളത് കൊടുത്തു കൊണ്ടേയിരിക്കും. അത് അവരോട് ആരും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ആയിരിക്കുകയുമില്ല. എന്നാൽ അവർ ചെയ്യുന്ന ഉപകാരങ്ങൾ അറിയുന്നത് കൊടുക്കുന്നവരും വാങ്ങുന്നവരും മാത്രം ആയിരിക്കും. കൊടുത്ത കാര്യം ഒരിക്കലും അവർ ഓർമ്മിക്കാൻ ആഗ്രഹിക്കുകയും ഇല്ല.
വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരം സൽകർമ്മങ്ങൾ ചെയ്യുന്നുള്ളൂ. ഇതാണ് യഥാർത്ഥ ഈശ്വര സേവ. മാനവ സേവയാണ് മാധവ സേവ എന്ന് കേട്ടിട്ടുണ്ടല്ലോ. അതായത്, മനുഷ്യനെ സേവിക്കുന്നതിലൂടെ യഥാർത്ഥത്തിൽ ഈശ്വരനെ തന്നെയാണ് സേവിക്കുന്നത്. മനമറിഞ്ഞു കൊടുക്കുമ്പോൾ നൂറിരട്ടിയായി തിരികെ ലഭിക്കാറുമുണ്ട്.
പാത്രം അറിഞ്ഞു കൊടുക്കണം എന്ന് മാത്രം. അനർഹർക്ക് കൊടുത്താൽ കൊടുക്കുന്നവർക്ക് അത് വിപരീതമായി ഫലിക്കും. കാരണം അനർഹർക്ക് എന്തെങ്കിലും ലഭിച്ചു കഴിഞ്ഞാൽ അവർക്ക് കിട്ടുന്ന സമയത്ത് മാത്രമാണ് അവർക്ക് സന്തോഷം ഉണ്ടാവുകയുള്ളൂ. അടുത്ത നിമിഷം കൊടുത്തവരെ ഉപദ്രവിക്കാൻ ഇവരായിരിക്കും എപ്പോഴും മുന്നിൽ നിൽക്കുന്നത്.
കാരണം അവർ സ്വീകരിക്കുന്നത് അവർ മറന്നുപോകുന്നു. ഹൃദയത്തിൽ അല്പം നന്ദിയുള്ളവർ ഇങ്ങനെ സ്വീകരിക്കുന്നത് ഒരുകാലത്തും മറക്കുകയില്ല. കൊടുത്തവർ മറന്നാലും ലഭിക്കുന്നവർ മറക്കാതിരിക്കുന്നതാണ് അവരെ ശ്രേഷ്ഠരാക്കുന്നത്. അതുപോലെതന്നെ പ്രാധാന്യമാണ് എന്തെങ്കിലും സ്വീകരിക്കുന്നുണ്ട് എങ്കിൽ അത് നല്ല വ്യക്തിത്വമുള്ള ആളുകളിൽ നിന്ന് മാത്രമായിരിക്കണം.
വ്യക്തിഗുണം ഇല്ലാത്തവർ എന്തെങ്കിലും ചില്ലറ സഹായങ്ങൾ നൽകി അവരുടെ വിധേയരാക്കി മാറ്റാൻ ഇടയുണ്ട്. അതുകൊണ്ട് അർഹരായവരെ കണ്ടെത്തി അവർക്ക് കൊടുക്കുക. ലഭിക്കുന്നത് മറക്കാതിരിക്കാൻ ഹൃദയത്തോട് ചേർത്ത് വെക്കുക.
സുഭാഷ് ടിആർ