"ഭൗതിക ലോകത്തിലെ ആളുകളെ ആകർഷിക്കാൻ നിങ്ങൾ നിങ്ങളുടെ അഹങ്കാരത്തെ സജീവമായി നിലനിർത്തണം. ദൈവികതയെ ആകർഷിക്കണമെങ്കിൽ നിങ്ങൾ നിങ്ങളുടെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ട്" 
 

 
people

ആളുകളെ ആകർഷിക്കാൻ ഇന്ന് മനുഷ്യൻ എന്തെല്ലാം വേഷം കെട്ടലുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മൾ കാണുന്നുണ്ടല്ലോ. എങ്ങനെയെങ്കിലും ഒക്കെ ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയാൽ മതി എന്നാണ് ആളുകളുടെ വിചാരം. അത് ഓരോരുത്തരുടെയും നിലവാരമനുസരിച്ച് ആണ് അവർ തിരഞ്ഞെടുക്കുന്നത്.

ഇന്നത്തെ സമൂഹമാധ്യമങ്ങളിൽ കൂടി ഒന്ന് കടന്നു പോയാൽ നമുക്കത് വ്യക്തമാകും. രാഷ്ട്രീയവും സാമൂഹികവും മതപരവുമായ മേഖലകളിലെ നേതൃത്വം ആണ് എല്ലാ കാലത്തും ജനങ്ങളെ ആകർഷിക്കാനായി,  ആളുകൾ കൂടുതലും തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്.

ഈ രംഗത്ത് ഒക്കെ ശോഭിക്കണമെങ്കിൽ കുറച്ച് ഡംഭും, പത്രാസും ഒക്കെ ആകാം എന്നൊരു തെറ്റിദ്ധാരണ അതിൻ്റെ നേതാക്കളിൽ ഉളവാകുന്നുണ്ടോ എന്ന് നമുക്ക് തോന്നാറുമുണ്ട്. അതിന് പുറമേ കുറച്ച് അഹങ്കാരവും പെരുമാറ്റത്തിൽ വന്നുചേർന്നാൽ മറ്റൊന്നും പറയാനില്ല. ജനങ്ങൾ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ധാർഷ്ട്യത്തിന് കീഴിൽ അടിമകളാകും.

ഭൗതിക ജീവിതത്തിൽ ധിക്കാരവും അഹംഭാവവും എന്നും നിലനിർത്തി ജനങ്ങളുടെ പ്രീതി നേടാൻ നിങ്ങൾ അക്ഷീണം പ്രയത്നിക്കേണ്ടി വരും എന്നത് മറ്റൊരു കാര്യം. ഈ അംഗീകാരം ഒക്കെ ക്ഷണികമാണ് എന്ന് പറയേണ്ടതില്ലല്ലോ.

എന്നാൽ ഇതിൻ്റെ ആത്മീയ വശം തികച്ചും വ്യത്യസ്തമാണ്. ആത്മീയമായ ഔന്നത്യം പ്രാപിക്കണമെങ്കിൽ ധിക്കാരവും ധാർഷ്ട്യവും അഹംഭാവവും കൊണ്ട് ഒരു കാര്യവുമില്ല. എളിമയും വിനയവും പരജീവി സ്നേഹവും ഔദാര്യമനോഭാവവും ഒക്കെ ഉണ്ടായാൽ ദൈവീകതയെ നിങ്ങൾക്ക്  ആകർഷിക്കാം.

അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആത്മീയമായ ശാന്തി അത് ഭൗതിക ജീവിതത്തിൻ്റെ വളർച്ചയ്ക്ക് ഉപകാരമാകും. അങ്ങനെ ലഭിക്കുന്ന കഴിവുകൊണ്ട് ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാൽ അത് ശാശ്വതമായ നേട്ടം തന്നെയാണ്. സ്വയം അഹങ്കരിച്ചും മറ്റുള്ളവരെ  ഭയപ്പെടുത്തിയും സ്ഥാനമാനങ്ങൾ നേടിയെടുക്കാം എന്നും, നിലനിർത്താം എന്നും കരുതുന്നത് മൗഢ്യമാണ് എന്ന് ഓർക്കുന്നത് നല്ലതാണ്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web