"ബുദ്ധിപരമായി ഉപയോഗിക്കുന്ന ഏതൊരാൾക്കും സമയം വളരെക്കാലം നിലനിൽക്കും" ഇന്നത്തെ ചിന്താവിഷയം
മനുഷ്യ ജീവിതത്തിൽ സമയം കടന്നു പോകുന്നത് പലരും അറിയാറില്ല. എത്ര പെട്ടെന്നാണ് ഒരു ചെടി വളർന്ന് വലുതാവുന്നതും പൂക്കുന്നതും കായ്ക്കുന്നതും. നോക്കി നിൽക്കുമ്പോൾ തന്നെ നമ്മുടെ കൺമുന്നിലുള്ള പലതും വളരുകയും വികസിക്കുകയും ചെയ്യുന്നില്ലേ.
നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് എത്ര പെട്ടെന്നാണ് വയസ്സാകുന്നത്.
സമയം, നിർത്താതെ ഇടവേളകളില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രമാണ്. ഈ കറക്കത്തിനടിയിൽ ലോകത്ത് മാറ്റങ്ങളും തനിയെ ഉണ്ടാവും.
എന്നാൽ സമയത്തിന്റെ വിലയെക്കുറിച്ച് മനുഷ്യർക്ക് പലപ്പോഴും യാതൊരുവിധ ബോധ്യവും ഉണ്ടാവുകയില്ല. സമയത്തെ കൃത്യമായി വിനിയോഗിച്ചാൽ അയാളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാം. പഴയകാലത്തെ ജീവിതം പോലെയല്ലല്ലൊ ഇന്നത്തെ ജീവിതവും ജീവിതരീതികളും എന്നറിയാമല്ലോ.
ശാസ്ത്രവും സാങ്കേതികവിദ്യയും അനു നിമിഷം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുമ്പോൾ മനുഷ്യൻ്റെ തൊഴിൽ മേഖലയിലും അതിനനുസരിച്ച് മാറ്റങ്ങൾ തനിയെ സംഭവിക്കുന്നു. പഠന മേഖലയിലും പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ശാരീരികമായി കൂടുതൽ ക്ലേശങ്ങളില്ലാതെ തന്നെ, പണ്ട് ചെയ്തു വന്നിരുന്ന അതേ ജോലികൾ ചെയ്യാൻ മനുഷ്യന് ശാസ്ത്രവും സാങ്കേതികവിദ്യയും കൂട്ടിനുണ്ട്. സമയമില്ല എന്ന് പറഞ്ഞു വിലപിക്കുന്നവർക്ക് മറുപടി ഇതാണ്.
കൃത്യമായ ആവിഷ്കാരങ്ങളോടെയും ലക്ഷ്യങ്ങളോടെയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയാൽ അവരുടെ കൂടെ സമയം എപ്പോഴും ഉണ്ടായിരിക്കും.
സുഭാഷ് ടിആർ