" മിച്ചം എത്രയുണ്ടെന്ന് ഒരിക്കലും അറിയാതെ നിങ്ങൾ ചിലവഴിയ്ക്കുന്ന പണമാണ് സമയം; സമയത്തെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക"ഇന്നത്തെ ചിന്താവിഷയം

കാലചക്രം അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. പ്രത്യേകിച്ച് ഇന്നത്തെ തലമുറയോട് പറഞ്ഞാലൊട്ട് വിശ്വസിക്കാനും പോകുന്നില്ല. നമ്മൾ സഞ്ചരിച്ചു വന്ന വഴിയിലേക്ക്, തിരിഞ്ഞു നോക്കുമ്പോൾ, എത്ര പെട്ടെന്നാണ് നമ്മൾ ഇത്രയും വളർന്നത് എന്ന് ഓർത്ത് അത്ഭുതപ്പെടാറില്ലേ.! നമ്മളൊക്കെ മിക്കപ്പോഴും പറയാറില്ലേ, " എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു" എന്ന്.
ബാല്യവും കൗമാരവും യൗവ്വനവും ഒക്കെ കടന്ന് വാർദ്ധക്യത്തിൽ എത്തി നിൽക്കുമ്പോൾ മനസ്സിലൂടെ ഇന്നലെകൾ അനു നിമിഷം മിന്നി മായും. പാഴാക്കി കളഞ്ഞ സമയത്തെയും കാലത്തെയും ഓർത്ത് വിഷമിച്ച് പോകും.
ഒരിക്കലും തിരിച്ചു വരാത്ത, ആരു വിചാരിച്ചാലും തിരിച്ചുകൊണ്ടുവരാൻ ആവാത്ത ഒന്നാണ് നഷ്ടപ്പെട്ട് പോകുന്ന ഓരോ നിമിഷവും കാലവും. സമയം ഇനിയും ബാക്കിയുണ്ടല്ലോ എന്നോർത്ത്, സമയം വരുന്നതല്ലേ ഉള്ളൂ എന്ന് നിസ്സാരവൽക്കരിച്ച് ജീവിതത്തിന്റെ നല്ല ഭാഗവും നമ്മൾ അറിഞ്ഞോ അറിയാതെയോ പാഴാക്കി കളയുകയാണ്.
നമ്മുടെ മുന്നിലുള്ള ഓരോ നിമിഷവും ദൈവം നമുക്ക് തരുന്ന ദാനമാണ് എന്ന് തിരിച്ചറിവ് ഓരോരുത്തരിലും ഉണ്ടാകണം. ഓരോരുത്തരും ജനിച്ചു ജീവിക്കുന്നത് അവരവരുടെ ലക്ഷ്യം പ്രാപിക്കാൻ വേണ്ടിയാണ്. ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള പ്രയാണത്തിൽ നമ്മളെയൊക്കെ പുറകോട്ട് പിടിച്ചു വലിക്കുന്ന ധാരാളം ആളുകളും നമ്മുടെ ചുറ്റിലും ഉണ്ട്. മറ്റൊരാൾക്ക് നന്മ ഉണ്ടാകുന്നത് സഹിക്കാൻ പറ്റാത്ത ഇത്തരം ആൾക്കാരുടെ ഉപദ്രവങ്ങൾ നമ്മളെ നിസ്സഹായരാക്കും.
പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക്, ഇത്തരം ആളുകൾ നമ്മളെ തളച്ചിടും. നമ്മുടെ മുന്നിലൂടെ ഒഴികെ പോകുന്നത് നമ്മുടെ മാത്രം സമയവും കാലവും ആണ്. ഇതിനെല്ലാം അതിജീവിക്കാൻ, അവഗണിക്കാൻ നമുക്ക് കഴിയണം.
നമ്മൾ ജീവിക്കുന്ന ഈ നിമിഷം പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ, പിന്നീടുള്ള ഓരോ നിമിഷങ്ങളും നമ്മളുടെ മുന്നിൽ കീഴടങ്ങിത്തരും. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മൾ അറിയാതെ സമയമെന്ന ബാലൻസ് തീർന്ന് പോകും എന്നോർക്കുക.
സുഭാഷ് ടിആർ