"തമ്മിൽ പിണങ്ങിയാൽ ആദ്യം നമ്മളോട് മിണ്ടാൻ വരുന്നവർ തോറ്റു വരുന്നവരല്ല; അവർ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ്"ഇന്നത്തെ ചിന്താവിഷയം

മനുഷ്യർ തമ്മിലുള്ള ഇണക്കവും പിണക്കവും അത് നിത്യ സംഭവങ്ങൾ ആണല്ലോ. സ്നേഹമുള്ളിടത്തേ പരിഭവമുള്ളൂ എന്ന് എല്ലാവരും പറയാറുണ്ട്. സ്നേഹം ഉള്ളിടത്തേ പിണക്കവും ഉണ്ടാവുകയുള്ളൂ എന്നും പറയുന്നുണ്ട്.
കൂട്ടുകാർക്കിടയിലും, ഭാര്യ ഭർത്താക്കന്മാർക്കിടയിലും, ബന്ധുമിത്രാദികൾക്കിടയിലും, കാമുകീ കാമുകന്മാർക്കിടയിലും തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിൽ അഭിരമിക്കുന്നവരിൽ പിണങ്ങാത്തവരാരുണ്ട്.!
പല പിണക്കങ്ങളും കേവലം നൈമിഷികമാണ്. ചില പരിഭവങ്ങൾ ഒരു വിടർന്ന ചിരിയിൽ അലിഞ്ഞില്ലാതാവുന്നത് കാണാം. തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടാകുന്ന പിണക്കങ്ങൾ മാറാൻ അല്പസമയം എടുക്കും.
ചിലപ്പോൾ പിണക്കം മാറാതെ തുടരുകയും ചെയ്യും. ഏഷണിക്കാരുടെ കുതന്ത്രങ്ങളിൽ തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ടവർ തമ്മിലുള്ള പിണക്കങ്ങൾ വലിയ സംഘർഷങ്ങളിലേക്ക് നീങ്ങാറുണ്ട്. പല രീതിയിലുള്ള മുതലെടുപ്പിന് വേണ്ടി ചങ്ങാത്തം കൂടുകയും അത് നടക്കാതെ വരുമ്പോൾ അപവാദം പറഞ്ഞു പരത്തി, സ്വയം പിണങ്ങുകയും ചെയ്യുന്നവരും കുറവല്ല.
ഇത്തരക്കാരെ അവഗണിക്കുകയാണ് ബുദ്ധി. എന്നാൽ ഇവർ യാതൊന്നും സംഭവിക്കാത്തത് പോലെ നമ്മളോട് അടുക്കാൻ ശ്രമിക്കുന്നത് മറ്റൊരു ചതിയുമായിട്ടായിരിക്കും. ഏറ്റവും സൂക്ഷിക്കേണ്ടത് ഇത്തരം ചതിയന്മാരെയാണ്.
ഇവരുടെ അടുത്ത് എല്ലാം മറന്ന് കൂട്ടുകൂടുന്നത് ആലോചിച്ചു വേണം. നമ്മളോട് ആത്മാർത്ഥതയും സത്യസന്ധതയും സ്നേഹവും ഒക്കെ വെച്ചുപുലർത്തുന്ന നമ്മുടെ സ്വന്തം എന്ന് കരുതിയവർ പിണങ്ങിയാൽ ആ പിണക്കം ഉടൻ തന്നെ മാറ്റാൻ ശ്രമിക്കണം. ആര് ആദ്യം മിണ്ടും എന്ന് ശങ്കിച്ച് നിൽക്കേണ്ട ആവശ്യമില്ല.
ഇനി ഒരുപക്ഷേ അവർ തന്നെയാണ് ആദ്യം നമ്മളോട് മിണ്ടാൻ വരുന്നതെങ്കിൽ ഇരുകൈയും നീട്ടി അവരെ ചേർത്തുനിർത്തണം. കാരണം അവർ തോറ്റു വരുന്നതല്ല, നമ്മുടെ സ്നേഹവും സാമീപ്യവും അവർ ആഗ്രഹിക്കുന്നത് കൊണ്ട്, നമ്മളോട് അവർക്ക് തീർത്താൽ തീരാത്ത ആത്മാർത്ഥ സ്നേഹം ഉള്ളതുകൊണ്ടാണ് എന്ന് ഓർക്കുക.