"തെറ്റായ കാര്യങ്ങൾ പോലും ശരിയെന്ന് തോന്നിപ്പിക്കുന്ന കാലമാണിത്; സത്യം എല്ലാക്കാലത്തും ഓരോരുത്തർക്ക് ഓരോ തരത്തിലാണ്"ഇന്നത്തെ ചിന്താവിഷയം 
 

 
truth

വളരെ ശ്രദ്ധേയമായ  ഈ നിരീക്ഷണം കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ്. സമൂഹത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന സാംസ്കാരിക അപചയത്തെ ചൂണ്ടി കാണിക്കുന്നത്   ഉൽപതിഷ്ണുക്കളും സാത്വികരും ആയ ജനങ്ങളുടെ  കടമയാണ്.

 രാജ്യത്തിൻ്റെ കെട്ടുറപ്പിനും നിലനിൽപ്പിനും  വളർച്ചക്കും വികാസത്തിനും ആരോഗ്യമുള്ള ഒരു സമൂഹവും ജനങ്ങളും അനിവാര്യമാണ്. നിർഭാഗ്യവശാൽ    സമൂഹത്തോടും രാജ്യത്തോടും പ്രതിപത്തിയോ ഉത്തരവാദിത്വമോ ഇല്ലാത്ത  സ്വാർത്ഥമനസ്കരായ കുറേ ആളുകളുടെയും സംഘടനകളുടെയും പിടിയിലായി നമ്മുടെ രാജ്യം ഇന്ന് മാറി.

ലോകത്തെ എ ഐ സാങ്കേതിക വിദ്യ മാറ്റി മറിയ്ക്കുന്ന ഇക്കാലത്തും, ജനങ്ങൾ ഒന്നും കാണുന്നില്ല, അറിയുകയില്ല എന്ന മൂഢവിചാരത്തിൽ അതിക്രമം ചെയ്യുന്നവരുണ്ട്. അവരുടെ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ  നേരിടാൻ തയ്യാറായി, എന്തു ചെയ്യാനും മടിയില്ലാത്തവരുടെ ഒരു സംഘം ഇന്ന് സമൂഹത്തിൽ കാണുന്നത് ആരെയാണ് ആശങ്കപ്പെടുത്താത്തത്.

തനിക്കും തൻ്റെ പ്രസ്ഥാനത്തിനും ഭൗതികമായ നേട്ടം കൊയ്യാൻ സാധിക്കാതെ വരുമ്പോൾ, അതിന് കാരണമാകുന്നവരെ അന്ധമായി വിമർശിക്കുന്നവരും  അവരെ എതിർക്കുന്നവരും, അതിനായി അവർ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ ശരിയാണ്  എന്ന് മറ്റുള്ളവരുടെ മുന്നിൽ വരുത്തിതീർക്കുന്നത് സംഘബലത്തിന്റെ അകമ്പടിയോടെയാണ്.

എന്തിനെയും ഏതിനെയും എതിർക്കുന്ന കാര്യത്തിൽ സത്യസന്ധരായും നിർമലരായും ഇടപെടുന്നവർ ജനങ്ങളെ ആകർഷിക്കാൻ ഇതുപോലെ പല അടവുകളും പയറ്റും.

ഏതെങ്കിലും കാര്യം നേടാനോ അല്ലെങ്കിൽ അധികാരത്തിനോ ഒക്കെ വേണ്ടി അന്ന് അവർ ജനങ്ങളോട് പറഞ്ഞിരുന്നത്, കാര്യം സാധിച്ചു കഴിഞ്ഞാൽ പറഞ്ഞതെല്ലാം വിഴുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇത്തരക്കാർക്ക് സത്യം എന്നത് അവരുടെ സൗകര്യം അനുസരിച്ചാണ്. മറ്റുള്ളവർ ചെയ്യുന്ന ശരിയായ കാര്യങ്ങളെ  അസത്യമാക്കി മാറ്റുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഇവർ സത്യത്തെ എല്ലാക്കാലത്തും  ഓരോ തരത്തിലാണ് കാണുന്നത്.

നമ്മൾ നേരിൽ കാണുന്ന യാഥാർത്ഥ്യങ്ങളെയും സത്യത്തെയും അതിവികലമാക്കി മാറ്റുന്നതിൽ ഒരു മടിയും ഇത്തരക്കാർക്ക് ഇല്ല. അത് വിശ്വസിക്കാൻ ജനങ്ങൾ സമൂഹത്തിൽ ധാരാളം ഉണ്ട് എന്നതാണ് അവരുടെ വിജയവും പ്രതീക്ഷയും. ഇങ്ങനെ തെറ്റായ കാര്യങ്ങൾ ശരിയാണ് എന്ന് തോന്നിപ്പിക്കുന്ന രീതി   അധികം നാൾ സമൂഹത്തിൽ നിലനിൽക്കില്ല എന്ന് തിരിച്ചറിയുക.

Tags

Share this story

From Around the Web