"ചിന്ത എന്നത് കഠിനമായ കാര്യമാണ്, അതുകൊണ്ടാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതിന് പകരം മറ്റുള്ളവരെ വിലയിരുത്താൻ ശ്രമിക്കുന്നത്." ഇന്നത്തെ ചിന്താവിഷയം
മറ്റുള്ളവരെ കുറ്റപ്പെടുത്താനും വിലയിരുത്താനും മനുഷ്യർക്ക് വലിയ ഉത്സാഹമാണ് എന്ന കാര്യത്തിൽ സംശയമുണ്ടോ.? മുൻവിധിയോടെയുള്ള
വിലയിരുത്തലുകൾക്ക് പിന്നിൽ മനുഷ്യ മനസ്സിന്റെ പ്രത്യേക താൽപര്യങ്ങൾ ആയിരിക്കാം. കൂടുതൽ തല പുകയ്ക്കാൻ മനുഷ്യന് ഇഷ്ടമല്ലാഞ്ഞിട്ടാവാം.
അല്ലെങ്കിൽ നമ്മുടെ മസ്തിഷ്ക്കം എളുപ്പവഴി തിരഞ്ഞെടുക്കുന്നത് കൊണ്ടുമാകാം. ഒരു വ്യക്തിയെയോ സാഹചര്യത്തെയോ ആഴത്തിൽ വിശകലനം ചെയ്യാൻ സമയവും ഊർജ്ജവും ആവശ്യമാണല്ലോ.
ഒരാളുടെ ജീവിതസാഹചര്യങ്ങളോ അവരുടെ മാനസികാവസ്ഥയോ മനസ്സിലാക്കാൻ ശ്രമിക്കാതെ, പുറം കാഴ്ചകൾ കണ്ടിട്ട് വിധി എഴുതുന്നത് ശരിയല്ലല്ലോ.!
സ്വയം തിരുത്താനും, സ്വന്തം തെറ്റുകൾ കണ്ടെത്താനും ആഴത്തിലുള്ള വിശകലനം കൂടിയേ മതിയാവൂ. മനുഷ്യർ എപ്പോഴും ഇഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ പോരായ്മകൾ കണ്ടുപിടിക്കാനാണ്.
ഒരു വ്യക്തിയെ കാണുമ്പോൾ പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തുന്നതിന് മുൻപ് ആ വ്യക്തി എന്താണെന്ന് മനസ്സിലാക്കുകയല്ലേ അഭികാമ്യം. മികച്ച മനുഷ്യനാകാൻ കാര്യങ്ങളെ സൂക്ഷ്മതയോടെ, അവധാനതയോടെ ചിന്തിച്ച് മനസ്സിലാക്കി പെരുമാറിയാൽ മതിയാകും.
സുഭാഷ് ടിആർ