"കാര്യങ്ങൾ മാറിമറിയുകയാണ്. സാഹചര്യം ഇപ്പോൾ നിങ്ങൾക്ക് അനുകൂലമായി മാറിയിരിക്കുന്നു, എല്ലാം നിങ്ങളുടെ വിജയത്തിലേക്ക് നയിക്കുന്നു" ഇന്നത്തെ ചിന്താവിഷയം
പ്രതികൂല ജീവിത സാഹചര്യങ്ങളിൽ തളർന്നു പോകുന്ന മനുഷ്യരോട്, ശുഭാപ്തി വിശ്വാസം നിറയ്ക്കുന്ന ഇത്തരം വാക്കുകൾ പറഞ്ഞാൽ അവരുടെ ഉള്ളിൽ വീണ്ടും പ്രത്യാശയുടെ നാമ്പുകൾ മുളയ്ക്കുകയില്ലേ.!
എല്ലാ മനുഷ്യരും ഇത്തരം പോസിറ്റീവായ വാക്കുകൾ കേൾക്കാൻ ആണല്ലോ ആഗ്രഹിക്കുന്നത്. മിക്ക ആളുകളും നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ പറഞ്ഞു മറ്റുള്ളവരെ മുറിവേൽപ്പിക്കാറില്ലേ.
തികച്ചും അസൂയ നിറഞ്ഞ മനസ്സിൽ നിന്നും പുറത്തുവരുന്ന വാക്കുകളാണത്. പറയുന്നവർക്ക് യാതൊരു വേവലാതിയും വിഷമവും ഇല്ലെങ്കിലും കേൾക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് വളരെ നിരാശജനിപ്പിക്കുന്നതാണല്ലോ. ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഉയർച്ചകൾക്കായി കഠിനാധ്വാനം ചെയ്യുമ്പോഴാണ് നിരാശാജനകമായ ഇത്തരം വാക്കുകൾ കൊണ്ട് അവരെ പുറകോട്ട് വലിക്കുന്നത്.
എത്രയോ നാളുകളായി നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾ വിജയിക്കാതെ പോകുന്നില്ലേ. നിങ്ങൾ വളരെ പ്രതീക്ഷയോടെ തുടങ്ങിയ സംരംഭങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവുന്നുണ്ടോ.? നിങ്ങളുടെ പ്രാർത്ഥനകൾ വിഫലം ആകുന്നു എന്ന് തോന്നാറില്ലേ. നിങ്ങളുടെ ജോലിയിൽ, ഭവന നിർമ്മാണത്തിൽ, പുതിയ വാഹനം വാങ്ങുന്ന കാര്യത്തിൽ, മക്കളുടെ വിവാഹ കാര്യത്തിൽ എന്ന് വേണ്ട ഒരാളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ നല്ല കാര്യങ്ങളിലും പരാജയങ്ങൾ ഉണ്ടാകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോകാറില്ലേ.
ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ കൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഇതുപോലുള്ള വാക്കുകൾ നിങ്ങളെ മാറ്റി മറിക്കും. കടൽ എപ്പോഴും പ്രക്ഷുബ്ധമാവുകയില്ലന്നേ. തീർച്ചയായും ഒരു രാത്രിക്ക് ഒരു പകലും ഉണ്ടാവും. ഒരു ഇറക്കത്തിന് ഒരു കയറ്റവും ഉണ്ടാകും. നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറാൻ പോകുന്നു.
അതിനു മുന്നോടിയായി കാര്യങ്ങളെല്ലാം മാറിമറിയുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാം. കൈയ്പ് നിറഞ്ഞ ജീവിതാനുഭവങ്ങളിൽതളർന്നിരിക്കുന്ന ഒരു മനുഷ്യനെ ഉണർത്താൻ ഇത്തരം വാക്കുകൾ ധാരാളം മതിയാകും.
സുഭാഷ് ടിആർ