"മറ്റുള്ളവരെ ഉയർത്തുന്ന ഒരാൾ ആവുക കാരണം ഈ ലോകത്ത് വിമർശകർ ആവശ്യത്തിൽ അധികം ഉണ്ട് " ഇന്നത്തെ ചിന്താവിഷയം
മനുഷ്യൻ പരിഷ്കൃതരായ കാലം മുതൽ തന്നെ മറ്റുള്ളവരെ വിമർശിക്കുമായിരുന്നു എന്ന് പല പുസ്തകങ്ങളിൽ നിന്നും നമുക്ക് വായിച്ച് അറിയാൻ സാധിച്ചിട്ടുണ്ടല്ലോ. ഈ സ്വഭാവം എവിടെനിന്നാണ് ലഭിച്ചത് എന്ന് ആർക്കും അറിയില്ല എന്ന് മാത്രം. ലോകമിന്ന് സമൂഹമാധ്യമങ്ങളുടെ പിടിയിൽ ആയിരിക്കുന്ന വേളയിലും, വിമർശകരുടെ യാതൊരു കുറവും ഉണ്ടായിട്ടില്ല മറിച്ച് എണ്ണം കൂടിയിട്ടേയുള്ളൂ.
മനുഷ്യർ എല്ലാവരും തന്നെ വിവിധ മാനസിക സമ്മർദ്ദങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും ആണ് കടന്നുപോകുന്നത്. അവൻ്റെ ജീവിതത്തിൽ വീഴ്ചകളും പരാജയങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. പരാജിതനെ വീണ്ടും അധിക്ഷേപിച്ച് മുറിവേൽപിക്കാൻ ആണല്ലോ സമൂഹത്തിന് ഇഷ്ടം. എന്നാൽ ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും എത്രപേർ മുന്നോട്ടുവരും. മ
നുഷ്യ ബന്ധങ്ങൾ നിലനിൽക്കാൻ ഇത്തരം അനുനയ വാക്കുകൾ വലിയ പ്രചോദനമാണ്. "ഞാൻ ഉണ്ട് കൂടെ" എന്ന ഒറ്റ വാചകത്തിന് ഒരാളെ തകർച്ചയുടെ പടുകുഴിയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കാൻ പറ്റും. തെറ്റുകൾ മനുഷ്യസഹജമാണ് എന്ന് കരുതിയാൽ മതി. മറ്റുള്ളവരുടെ വിഷമം കേൾക്കാൻ തയ്യാറായാലും അത് അവർക്ക് ഒരു ആശ്വാസമാകും.
എപ്പോഴും നല്ല വാക്കുകൾ പറയുവാൻ ശ്രമിക്കുക. ഒരാളുടെ വിജയത്തിൽ അഭിനന്ദിക്കുകയും പരാജയത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല സുഹൃത്താവുക. വിമർശിക്കാൻ ആർക്കും കഴിയും. ചേർത്ത് നിർത്താനും നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കുറച്ചുപേർ മാത്രമേ ഉണ്ടാവുകയുള്ളൂ.
ജീവിത തകർച്ചകളിൽ നിരാശരായവരെ ചേർത്ത് നിർത്താം. വിമർശനത്തെയും വിമർശകരെയും അവഗണിച്ച് നിങ്ങളുടെ സ്നേഹ മസൃണമായ സംസാരം കൊണ്ട് അവരുടെ ജീവിതത്തിൽ പ്രകാശമാകുക.
"നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവും ആയിരിക്കട്ടെ" (കൊളോ 4:6)
സുഭാഷ് ടിആർ