"നാല് പ്രകൃതിദത്ത സങ്കേതങ്ങളുണ്ട്: നിശബ്ദത, ഏകാന്തത, ശാന്തത, ലാളിത്യം" ഇന്നത്തെ ചിന്താവിഷയം 

 

 
man

പ്രകൃതി സകല ജീവജാലങ്ങൾക്കും അഭയ കേന്ദ്രമാണല്ലോ. ഭൂമിയിലുള്ള സകല ജീവജാലങ്ങൾക്കും ജീവനും വളർച്ചയും പരിപാലനവും നൽകുന്നത് എല്ലാം പ്രകൃതിയുടെ അറിവോടെയല്ലേ. സംഹാരവും പ്രകൃതിയിൽ തന്നെ നടക്കുന്നു. ജീവജാലങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും സ്വാഭാവികമായ പരിഹാരവും ഇവിടെത്തന്നെയുണ്ട്.

ഭൂരിഭാഗം മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങൾക്കൊന്നും വലിയ പ്രാധാന്യം കൊടുത്ത് കാണുന്നില്ല. അവർ പ്രകൃതിയുടെ മാറിൽ ചവിട്ടി നിന്ന് കൊണ്ട് പ്രകൃതിയെ നശിപ്പിക്കുകയാണ്. ആദ്യ മനുഷ്യൻ പിറന്ന കാട് അവനെ പോറ്റിവളർത്തി. അവൻ പെറ്റ് പെരുകി ഭൂമി നിറഞ്ഞു.

പ്രകൃതിയിൽ നിന്നും ആർജ്ജിച്ചെടുത്ത സകല അറിവുകളും അനുഭവങ്ങളും വിദ്യകളും എല്ലാം അവൻ്റെ വളർച്ചയ്ക്ക് തുണയായി. എന്നാൽ മനുഷ്യൻ ഇന്ന് സ്വസ്ഥതയും സമാധാനവും ഇല്ലാത്ത അവസ്ഥയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യർ സമൂഹത്തിനുവേണ്ടി  നേട്ടങ്ങൾ, പുരോഗതികൾ വളർച്ചകൾ എല്ലാം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പല അവസരങ്ങളിലും മനുഷ്യൻ നിസ്സഹായരായി കാണുന്നു.

തിരക്ക് പിടിച്ച ജീവിതത്തിൽ, മത്സരം കൊടുമ്പിരി കൊള്ളുന്ന സമൂഹത്തിൽ അസ്വസ്ഥനായ മനുഷ്യരാണ് നാം ഉൾപ്പെടെ നമുക്ക് ചുറ്റുമുള്ളത്. ആർക്കൊക്കെ എവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതിനെയൊക്കെ തരണം ചെയ്യാൻ, സ്വാഭാവികമായി തരണം ചെയ്യാൻ പ്രകൃതി തന്നെ പല സങ്കേതങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നാമതായി നിശബ്ദത.

പല അവസരങ്ങളിലും നിശബ്ദത നമ്മളെ രക്ഷിക്കാറില്ലേ. വാവിട്ട വാക്കുകൾ നമ്മുടെ സമാധാനം കെടുത്തും. അവിടെയൊക്കെ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രണ്ടാമതായി ഏകാന്തത. ഏകാന്തത നമുക്ക് ഉത്തരം കിട്ടാത്ത പല പ്രശ്നങ്ങൾക്കും ഉത്തരം നൽകാറുണ്ട്. സ്വസ്ഥമായ മനസ്സോടെ  എവിടെയെങ്കിലും നമുക്ക് പ്രിയപ്പെട്ട ഒരിടത്തിരുന്നാൽ അത്രയും നല്ലത്. ആ ഏകാന്തതയിലാണ് ആത്മാവ് നമ്മളോട് സംവദിക്കാൻ ഇറങ്ങിവരുന്നത്. എന്തും ചോദിക്കാം, എന്തും പറയാം. ഉത്തരം ലഭിച്ചിരിക്കും,  സമാധാനമുണ്ടാവും.

മൂന്നാമതായി ശാന്തത. മനസ്സിനെ വരിഞ്ഞ് മുറുക്കുന്ന സമ്മർദ്ദങ്ങളിൽ നിന്നും രക്ഷനേടാൻ സംയമനം പാലിക്കുകയാണ് വേണ്ടത്. സമ്മർദ്ദങ്ങളിൽ എടുക്കുന്ന ഒരു തീരുമാനവും ലക്ഷ്യം കാണുകയില്ല, എന്ന് മാത്രമല്ല അത് ആവശ്യമില്ലാത്ത സ്ഥലത്ത് പതിക്കുകയും ചെയ്യും.
മനസ്സിനെ ശാന്തമാക്കാൻ പരിശ്രമിക്കാം.

നമ്മളെ വിഷമിപ്പിക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടോ, അതിനെയെല്ലാം അതിജീവിച്ച് ശാന്തനായി ഇരിക്കാൻ ശീലിക്കുക. നാലാമതായി ലാളിത്യം. ലാളിത്യം എന്ന് പറയുമ്പോൾ അത് വേഷഭൂഷാദികളിലും ആഹാരകാര്യങ്ങളിലും മാത്രമല്ല. വിനയവും എളിമയും ഉള്ള മനുഷ്യനെ മറ്റുള്ളവരുടെ മുമ്പിൽ ആദരണീയനാക്കും. ലളിതമായ ജീവിതശൈലിയും നമ്മളെ മറ്റുള്ളവരിൽ നിന്നും ശ്രേഷ്ഠരുമാക്കും.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web