"സമാധാനപരമായ ജീവിതത്തിനു പിന്നിൽ ധാരാളം ത്യാഗങ്ങളുണ്ട്"ഇന്നത്തെ ചിന്താവിഷയം

പല വ്യക്തികളും അറിയപ്പെടാത്ത പോരാളികളാണ്, ജീവിത വിജയം കൈവരിക്കുന്നതിനായി യുദ്ധം ചെയ്യുന്ന ഒറ്റയാൾ പടയാളി. ചില മനുഷ്യർ ജീവിതത്തിൽ ഒട്ടേറെ വിട്ടുവീഴ്ചകൾ ചെയ്യുന്നത്, അവരുടെ മനസ്സമാധാനത്തിനും തനിക്ക് ചുറ്റുമുള്ള ആളുകളുടെ സമാധാനത്തിനും വേണ്ടിയാണ്.
ഇത് വ്യക്തികളുടെ കാര്യത്തിൽ ആണെങ്കിൽ, സമൂഹത്തിനുവേണ്ടിയും, രാജ്യത്തിനുവേണ്ടിയും പോരാടേണ്ടി വന്ന, പോരാടുന്ന അനേകം ഉൽകൃഷ്ട വ്യക്തികളെ നമ്മൾ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ആളുകൾ സമാധാനം ആഗ്രഹിക്കുന്നവരാണ് എങ്കിൽ അത് നേടിയെടുക്കാനായി ഒട്ടനവധി ത്യാഗങ്ങൾ സഹിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ സമര പോരാട്ടങ്ങളാണ് എന്നറിയാമല്ലോ.
കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ ത്യാഗങ്ങളുടെ നേർച്ചിത്രമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം. വ്യക്തി ബന്ധങ്ങളിലായാലും കുടുംബ ബന്ധങ്ങളിലായാലും വീഴ്ചകൾ സംഭവിക്കുന്നത് ഒരുപക്ഷേ ആകസ്മികവും, മറ്റൊരുപക്ഷേ നേരത്തെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരവും ആയിരിക്കാം. ക്ഷമിക്കുക എന്നതും വിട്ടുവീഴ്ച ചെയ്യുക എന്നതും വലിയ ഒരു വെല്ലുവിളിയാണ്.
വലിയ മനസ്സുള്ളവർക്കേ വിട്ടുവീഴ്ചകൾ ചെയ്യാനും സമാധാനം കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്നറിയാമല്ലോ. സമാധാനം ഉള്ളിടത്ത് സന്തോഷം തനിയെ വന്നിരിക്കും.
തൻ്റെ തന്നെ നിലനിൽപ്പിനും ഭാവി ജീവിതത്തിനും ഭീഷണി ഉണ്ടാവുന്നുണ്ടെങ്കിൽ ഇത്തരം വിട്ടുവീഴ്ചകൾക്ക് സ്ഥാനം ഉണ്ടാവണമെന്നില്ല. ഒരാൾ മാത്രം എപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യുകയും, ക്ഷമിയ്ക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവർ തങ്ങളെ നിരന്തരമായി ഉപദ്രവിച്ചു കൊണ്ടിരുന്നാൽ അവിടെ ത്യാഗത്തിന് ഒരു പ്രസക്തിയും ഉണ്ടാവില്ല എന്ന് തിരിച്ചറിയുകയും ചെയ്യുക.
സുഭാഷ് ടിആർ