"ലോകം എല്ലാവരെയും തകർക്കുന്നു, പിന്നീട്, തകർന്ന സ്ഥലങ്ങളിൽ പലരും ശക്തരാകുന്നു"ഇന്നത്തെ ചിന്താ വിഷയം
ഭൂമിയിൽ ഒന്നും ശാശ്വതമല്ല എന്നൊരു സത്യം പലപ്പോഴും ആളുകൾ മറക്കുകയാണ്. അത് ബോധപൂർവ്വം ആണോ അല്ലയോ എന്നുള്ളതാണ് ചിന്തകരെ കുഴക്കുന്നത്. ഭൂമിയും പ്രകൃതിയും എല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്.
മനുഷ്യനും മൃഗങ്ങളും ജീവജാലങ്ങളും എല്ലാം പരിണാമ പരീക്ഷണങ്ങൾക്ക് വിധേയവുമാണ്. ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യർ വിചാരിക്കുന്നുണ്ടാവും തങ്ങളാണ് ഈ ഭൂമിയുടെ ഉടയോൻ, ഞാനാണ് ഭൂമിയെ വാർത്തെടുത്തത്, ഞാനാണ് ദൈവത്തെ സൃഷ്ടിച്ചത്, ഞാനാണ് മതങ്ങളെ സൃഷ്ടിച്ചത്, എന്നെ കഴിഞ്ഞ് ആരുമില്ല എന്ന അഹങ്കാരത്തിലും, അഹംഭാവത്തിലും മദിയ്ക്കുമ്പോൾ, ഒരു ശ്വാസത്തിൽ തന്റെ ജിവൻ പറന്നകലുമെന്ന് ചിന്തിക്കുകയില്ല.
എന്നാൽ, വേറെ ചിലരാകട്ടെ, യാതൊരുവിധ ഗർവ്വും കാണിയ്ക്കാതെ, സമഭാവനയോടെ സഹിഷ്ണുതയോടെ പരോപകാരാർത്ഥമായ ജീവിക്കുന്നു. ഇവരുടെ ജീവനും ഒരു ശ്വാസത്തിൽ അവസാനിക്കും. ദുഷ്ടരും, സജ്ജനങ്ങളും ഒരുമിച്ച് അധിവസിക്കുന്ന ഈ ഭൂമിയിൽ കാലമെന്ന കാവൽക്കാരൻ ഒരു ദിവസം എല്ലാവരെയും ഇവിടെ നിന്ന് ആട്ടിപ്പായിക്കും.
തകർത്തുകളയും. കാലം പിന്നെയും കനിയും. തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വരുന്നത് സജ്ജനങ്ങൾ മാത്രമായിരിക്കും. തകർക്കപ്പെട്ട സ്ഥലത്ത് പുതിയ സൂര്യൻ ഉദിയ്ക്കും.
ജനങ്ങളെ പറ്റിച്ച് ഉപജീവനമാർഗ്ഗം നടത്തുന്നവരും, ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നവരും അപ്രത്യക്ഷരാകും. ഇവിടെ എല്ലാക്കാലത്തും ശക്തരാകുന്നത് സൗമ്യതയുള്ളവർ ആയിരിക്കും.
" അൽപം കഴിഞ്ഞിട്ട്, ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചു നോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും"
(സങ്കീർത്തനങ്ങൾ 37:10;11)
സുഭാഷ് ടിആർ