"ജ്ഞാനികൾ സംസാരിക്കുന്നത് അവർക്ക് എന്തെങ്കിലും പറയാനുള്ളത് കൊണ്ടാണ്, വിഡ്ഢികൾ സംസാരിക്കുന്നത് എന്തെങ്കിലും പറയേണ്ടി വരുന്നത് കൊണ്ടാണ്" ഇന്നത്തെ ചിന്താവിഷയം

 

 
people

നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കിയാൽ വിദ്യാഭ്യാസവും വിവരമുള്ള ആളുകൾ അനാവശ്യമായി സംസാരിക്കാറില്ല, വാഗ്വാദത്തിൽ ഏർപ്പെടാറുമില്ല എന്ന് കാണാമല്ലോ.

വിദ്യാഭ്യാസം ഒരു മനുഷ്യന് നൽകുന്നത് കേവലം അറിവ് മാത്രമല്ല, ശ്രേഷ്ഠമായ ഒരു സംസ്കാരത്തെ കൂടിയാണ്. കഴിഞ്ഞുപോയ കാലങ്ങളിലൂടെ പുറകോട്ട് സഞ്ചരിച്ചാൽ ജ്ഞാനികളും മഹാജ്ഞാനികളും ഭാരത സംസ്കാരത്തെ, അതിൻറെ മൂല്യത്തെ എത്രമാത്രം ഉയർത്തിപ്പിടിക്കാൻ പറ്റുമോ അത്രമാത്രം അവർ അതിനെ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റുള്ളവർക്ക് അത് ഒരു മാതൃകയായും അവർ കാണിച്ചുകൊടുത്തു.

ഇന്നത്തെ കാലത്ത്  ജ്ഞാനികളും മഹാജ്ഞാനികളും ഒക്കെ ഉണ്ടെങ്കിലും അവർക്ക് ഒന്നും പറയാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് വിദ്യാഭ്യാസവും അതിൻ്റെ സാക്ഷ്യപത്രങ്ങളും എല്ലാം അങ്ങാടിയിൽ തൂക്കി വിൽക്കുകയാണല്ലോ. അത്തരം സാക്ഷ്യപത്രങ്ങൾ  വാങ്ങി നെഞ്ചിലും നെറ്റിയിലും ഒട്ടിച്ച് വിദ്വാനായി ചമഞ്ഞു നടക്കുന്ന അനവധി വിദ്വാന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. വിദ്യാഭ്യാസമുള്ളവർ കാര്യമാത്ര പ്രസക്തമായി മാത്രമേ എന്തെങ്കിലും സംസാരിക്കാറുള്ളൂ.

അതും ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും സന്ദേശങ്ങൾ കൈമാറണമെങ്കിൽ മാത്രം. എന്നാൽ വ്യാജ ജ്ഞാനികൾ വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ട്" എന്ന പോലെ എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. ഇത്തരം വിഡ്ഢികളായ വിദ്വാന്മാരാണ് സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്നത്. ഇവരെല്ലാ മേഖലകളിലും ഉണ്ട്.

വിശേഷിച്ച്, ദൃശ്യമാധ്യമങ്ങൾ ക്ഷണിച്ച് വരുത്തി, ചർച്ചകളിൽ പങ്കെടുത്ത് വിഡ്ഢിത്തരവും വിവരക്കേടും വിളമ്പി സ്വയം ഇളിഭ്യരായാലും അത് ഒരു നേട്ടമാണ് എന്ന് പറഞ്ഞ് നടക്കുന്നുണ്ട് ചിലർ. ഇതൊക്കെ കാണുമ്പോഴാണ് പ്ലേറ്റോ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നത്.

വിദ്യാഭ്യാസം ഉള്ളവർ സമൂഹത്തോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മാത്രമേ സംസാരിക്കാറുള്ളൂ. വിഡ്ഢികളാകട്ടെ ഏതു നേരവും എന്തെങ്കിലുമൊക്കെ വെറുതെ പറഞ്ഞു കൊണ്ടിരിക്കും"

സുഭാഷ് ടിആർ

Tags

Share this story

From Around the Web