"ജീവിക്കാൻ പഠിക്കുന്നതിന്റെ തുടക്കം തന്നെ, എത്രമാത്രം അറിയാനുണ്ടെന്ന് അറിയുക എന്നതാണ്" ഇന്നത്തെ ചിന്താവിഷയം

ഒരു കുഞ്ഞു ജനിച്ച്, വളർന്ന് വലുതായി, വയസ്സായി
മരിക്കുന്നതുവരെയുള്ള കാലഘട്ടമാണല്ലോ മനുഷ്യ ജീവിതം എന്ന് പറയുക. ജനനം മുതൽ മരണം വരെയുള്ള കാലയളവിൽ, അല്ലെങ്കിൽ ഒരു മനുഷ്യായുസ്സിൽ എന്തെല്ലാം പാഠങ്ങളാണ് പഠിച്ചത് എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ഓർത്ത് എടുക്കാറുണ്ടോ.
അതിന് ഇത്രമാത്രം എന്താണ് പഠിക്കാൻ ഇരിക്കുന്നത്, അല്ലെങ്കിൽ എന്താണ് ഓർക്കാനിരിക്കുന്നത് എന്നൊക്കെ ചോദ്യങ്ങൾ ഉണ്ടായേക്കാം. ജീവിതം ഒരു പാഠപുസ്തകം ആണെന്ന് വലിയ ചിന്തകർ നേരത്തെ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.
ജീവിതപാഠപുസ്തകത്തിലെ വായിച്ച് മറിക്കുന്ന താളുകളാണ് കൊഴിഞ്ഞുപോകുന്ന ഓരോ നിമിഷവും. അതുപോലെ, വായിക്കാൻ ബാക്കി കിടക്കുന്ന താളുകളാണ് വരാൻ പോകുന്ന ഓരോ നിമിഷവും എന്നും പറയുന്നതിൽ തെറ്റില്ലല്ലോ.
അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് മുൻകൂട്ടി ഒരു ധാരണ ഉണ്ടെങ്കിൽ ജീവിക്കാൻ പഠിക്കുന്നതിന്റെ ആദ്യ പാഠം ആയിരിക്കും അത്.
നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തെയും, സാമൂഹിക ജീവിതത്തെയും, നമ്മുടെ രാജ്യത്തെയും, ലോകത്തെയും ലോകക്രമങ്ങളെയും, എല്ലാം നമ്മുടെ ജീവിതത്തോട് ചേർത്ത് നിർത്തിയാൽ ജീവിതത്തിൻ്റെ പടവുകൾ അനായാസമായി കയറാനുള്ള കഴിവ് നേടാം. അനുനിമിഷം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം പോലെ ഭൂമിയിലും വൻ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് വേണം ജീവിതം എങ്ങനെയായിരിക്കണം മുന്നോട്ടു കൊണ്ടുപോവുക എന്ന് തീരുമാനിക്കേണ്ടത്.
ഇനിയെത്ര ദൂരം സഞ്ചരിക്കേണ്ടിവരും, ഈ യാത്രയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും അനുകൂല സാഹചര്യങ്ങളും എന്തൊക്കെയായിരിക്കും എന്നൊക്കെ കണക്കുകൂട്ടി ചുവടുകൾ വച്ചാൽ ജീവിത പാഠശാലയിലെ മികച്ച വിദ്യാർത്ഥിയാകാം.
സുഭാഷ് ടിആർ