"ഏറ്റവും കഠിനമായ പാതകൾ നാം തനിച്ചാണ് സഞ്ചരിക്കേണ്ടത്, എന്നാൽ അവിടെയാണ് ഏറ്റവും ശക്തമായ മനസ്സുകൾ രൂപപ്പെടുന്നത്" ഇന്നത്തെ ചിന്താവിഷയം
ജീവിതം എല്ലാ മനുഷ്യർക്കും അത്ര സുഖകരമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. അത് പാവപ്പെട്ടവൻ ആയാലും ധനികൻ ആയാലും ഒരേ പോലെ ആയിരിക്കും.
കഠിനമായ ജീവിത പരീക്ഷണങ്ങളിൽ അകപ്പെട്ട്, ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അറിഞ്ഞാണ് മനുഷ്യർ ഓരോ നിമിഷവും തള്ളിവിടുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ പരിഭ്രമിപ്പിക്കും. ഉചിതമായ തീരുമാനമെടുക്കാൻ ആവാതെ ധർമ്മസങ്കടത്തിൽ അകപ്പെടും.
പരാജയങ്ങളിലും പാളിച്ചകളിലും, പുറത്തുനിന്നുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കൂരമ്പുകൾ ആയി മനസ്സിനെ കുത്തിനോവിച്ചേക്കാം. അതിനെയെല്ലാം അവഗണിക്കുക. കാരണം, യഥാർത്ഥത്തിൽ ഉണ്ടായ സംഭവങ്ങൾ നമ്മൾക്ക് മാത്രമല്ലേ അറിയൂ. വീഴ്ചകളിൽ നിന്ന് പാഠങ്ങൾ പഠിച്ചാൽ, ലക്ഷ്യത്തിലെത്താനുള്ള ആത്മശക്തി ആർജ്ജിച്ചെടുക്കാം.
മുമ്പെങ്ങും ഇല്ലാത്ത മനക്കരുത്ത് സ്വയം ഉണ്ടാവുന്നത് വിസ്മയത്തോടെ തൊട്ടറിയാൻ കഴിയും. ജീവിതത്തിൽ പരാജയങ്ങളും തകർച്ചകളും മൂലം മനുഷ്യർ ഒറ്റപ്പെട്ടു പോകുന്നത് സ്വാഭാവികം. ആരൊക്കെ നിഴലായി കൂടെ ഉണ്ടായിരുന്നുവോ, അവരാരും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ മൂട്ടിലെ പൊടിയും തട്ടി പലായനം ചെയ്യും. അഥവാ ഇനി ആരെങ്കിലും ആശ്വസിപ്പിക്കാൻ വന്നാലോ, തൽക്കാലികമായ ഒരു സമാധാനം ലഭിക്കാതിരിക്കുകയില്ല.
എന്നിരുന്നാൽ തന്നെയും, വ്യക്തിപരമായി ബാധിച്ച പ്രശ്നങ്ങൾ അനുഭവിക്കേണ്ടത് അവരവർ തന്നെയാണല്ലോ. ഒറ്റപ്പെടൽ അനുഭവിക്കുമ്പോഴാണ് നാം കൂടുതൽ കരുത്തരാകുന്നത്. ഒറ്റയ്ക്ക് എല്ലാ പ്രശ്നങ്ങളെയും നേരിടേണ്ടി വരുമ്പോൾ, നമ്മൾ കൂടുതൽ സ്വതന്ത്രരാകും. കാരണം പുറത്തുനിന്നുള്ള ഇടപെടലുകൾ നമ്മളെ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴാണ്, ഒറ്റയ്ക്ക് ജീവിതത്തോട് പട പൊരുതുമ്പോഴാണ് മനസ്സിൻ്റെ യഥാർത്ഥ ശക്തി എന്തെന്ന് തിരിച്ചറിയുന്നത്.
സുഭാഷ് ടിആർ