ഇന്നത്തെ ചിന്താവിഷയം- "തുടർച്ചയായ പുരോഗതിയാണ് വൈകിയെത്തുന്ന പൂർണ്ണതയേക്കാൾ നല്ലത്"

 
victory

ഒരു കാര്യം തുടങ്ങുന്നതിനു മുമ്പ് മനുഷ്യർ പലവട്ടം ആലോചിക്കാറുണ്ട്. വളരെ ആലോചിച്ചു വേണം ഓരോ കാര്യങ്ങളും ആരംഭിക്കാൻ എന്നും പറയാറില്ലേ. ഓരോന്നിന്റെയും വരും വരായ്കകൾ എല്ലാം പഠിച്ചു മനസ്സിലാക്കി വേണം എന്തിനും ഏതിനും വേണ്ടിപുറപ്പെടാൻ.

നല്ല കാര്യങ്ങൾ തുടങ്ങാൻ അമാന്തം ഉണ്ടാകരുത് എന്നും കാരണവന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്. "ശുഭസ്യ ശീഘ്രം" എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. നല്ല കാര്യങ്ങൾ വെച്ച് താമസിപ്പിക്കരുത് എന്നർത്ഥം. എന്നാൽ, ഒട്ടുമിക്ക മനുഷ്യരും അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അനന്തമായ് കാത്തിരിക്കാറുണ്ട്. ആലോചനയിലാണ് അവർ എപ്പോഴും.

തുടങ്ങണോ വേണ്ടയോ, എപ്പോൾ തുടങ്ങണം എങ്ങനെ തുടങ്ങണം, എങ്ങനെയാ പരാജയം ഉണ്ടാകുമോ, അല്ലെങ്കിൽ കുറച്ചുനാൾ കഴിയട്ടെ, പിന്നെ  തുടങ്ങാം ഇങ്ങനെയുള്ള ആലോചനകളാണ് ഭൂരിഭാഗം മനുഷ്യരെയും ജീവിതത്തിൽ പുറകോട്ട് പിടിച്ചു വലിക്കുന്നത്.കാത്തിരുന്ന് കാത്തിരുന്ന് അവസാനം അവർ ഉദ്ദേശിച്ച കാര്യം ചെയ്യാൻ സാധിക്കാതെ പോകും, കാലവും കടന്നു പോകും. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. പാളിച്ചകളും കുറ്റങ്ങളും കുറവുകളും എല്ലാം മനുഷ്യരുടെ  തീരുമാനത്തിലും പ്രവർത്തിയിലും ഒക്കെ ഉണ്ടാകാറുണ്ട്.

ആ കുറ്റങ്ങളോടെയും കുറവുകളോടെയും   തന്നെ  ആഗ്രഹിച്ച കാര്യങ്ങൾ അങ്ങോട്ട് തുടങ്ങുന്നതാണ് നല്ലത്. കാരണം  വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിച്ചു നമുക്ക് മുന്നോട്ടു പോകാൻ സാധിക്കണം.  അതിനേക്കാൾ വലിയ നേട്ടം കാത്തിരിപ്പിന്റെ നാളുകൾ ഇല്ല എന്നുള്ളതാണ്.

വിലപ്പെട്ട സമയം നഷ്ടപ്പെടാതെ  പ്രയോജനപ്പെടുത്താനും പറ്റും. പരിപൂർണ്ണതയിൽ  എത്തുവാനുള്ള  സാഹചര്യം വന്നിട്ടേ  ആരംഭിയ്ക്കൂ എന്ന് കരുതിയിരിക്കുന്നവർ   അവരുടെ ജീവിതത്തിൽ ഒന്നും തുടങ്ങുകയില്ല.   കാരണം ഇന്നുവരെ ഈ ലോകത്ത് പരിപൂർണ്ണം എന്ന് പറയാൻ ഒന്നുമില്ല എന്നത് തന്നെ. ഒരു വലിയ മാറ്റം പെട്ടെന്ന് ഉണ്ടാക്കാൻ ആരാലും സാധ്യമല്ലല്ലോ. നിങ്ങൾ ചെയ്യുന്ന ജോലികളിൽ പുരോഗതി ഉണ്ടാവുന്നത് നിങ്ങളുടെ നിരന്തരമായ പരിശ്രമം കൊണ്ട് മാത്രമല്ലേ. 


ഓരോ ദിവസവും നിങ്ങളുടെ പ്രവർത്തി പഥങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ  ശ്രദ്ധിച്ചാൽ നിങ്ങളുടെ ശ്രദ്ധയും ഊർജ്ജവും അതിലേക്ക് തന്നെ വളരെ സ്വാഭാവികമായി കേന്ദ്രീകരിക്കും. അങ്ങനെ, നിരന്തരമായി കൈവരുന്ന  പുരോഗതിയാണ് വൈകിയെത്തുന്ന പരിപൂർണ്ണതയേക്കാൾ നല്ലത് എന്ന് താനേ  തിരിച്ചറിയും.

Tags

Share this story

From Around the Web