"എല്ലാ ദിവസവും രാവിലെ സൂര്യൻ ഉദിക്കും, ഇന്നലെ ബുദ്ധിമുട്ടായിരുന്നെങ്കിലും, അതിനെ മറികടക്കാനും ഇന്ന് കാണാനും നിങ്ങൾക്ക് ശക്തി കണ്ടെത്താൻ കഴിഞ്ഞുവെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ" ഇന്നത്തെ ചിന്താവിഷയം

പ്രകൃതിയിൽനിന്നും പ്രപഞ്ചത്തിൽ നിന്നും നമുക്ക് അനേകം കാര്യങ്ങൾ പഠിക്കാനുണ്ട് എന്നറിയാമല്ലോ. പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നുതന്നെയാണ് എന്ന് തിരിച്ചറിയാവുന്ന ഒത്തിരി സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറില്ലേ.
ഉറുമ്പുകളിൽ നിന്നും പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും നമുക്ക് പഠിക്കാൻ അനവധി കാര്യങ്ങൾ ഉണ്ടാവും.
ഇവിടെ സൂര്യനെ നോക്കി പഠിക്കാനാണ് ഇന്നത്തെ ചിന്താവിഷയം നമ്മളോട് പറയുന്നത്. എല്ലാദിവസവും രാവിലെ സൂര്യനുദിയ്ക്കുകയും വൈകിട്ട് അസ്തമിയ്ക്കുകയും ചെയ്യാറുണ്ട്. കവികൾ പുലർകാലത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും ഒക്കെ അവരവരുടെ ഭാവനയ്ക്കനുസരിച്ച് രചന നടത്താറുണ്ട്. ഓരോ പ്രഭാതവും നമ്മൾക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.
നമ്മുടെ പ്രവർത്തിക്കൊപ്പം പ്രതീക്ഷകൾ യാഥാർത്ഥ്യമായില്ലെങ്കിലും അടുത്ത ദിവസവും നമ്മൾ സൂര്യനെ പോലെ ഉദിച്ച് ഉയരണം. ഇന്നലെകളുടെ പോരായ്മകളും കുറവുകളും പരിഹരിക്കാൻ നമുക്കൊരു ഇന്നുണ്ട്.
ഇന്ന് നമ്മൾ ആ കുറ്റങ്ങളും കുറവുകളെല്ലാം സ്വയം പരിഹരിച്ച് അതിനെ മറികടക്കും എന്ന് ഉള്ളിൽ ഉറച്ചു വിശ്വസിക്കുക. അങ്ങനെ സ്വയം ബലപ്പെടുത്തുക ജീവിത വിജയം നേടുക.
സുഭാഷ് ടിആർ