"കഷ്ടപ്പാടുകളിൽ നിന്നാണ് ഏറ്റവും ശക്തരായ ആത്മാക്കൾ ഉയർന്നുവന്നത്. ഏറ്റവും വലിയ കഥാപാത്രങ്ങൾ മുറിവുകളാൽ പൊള്ളലേറ്റു" ഇന്നത്തെ ചിന്താവിഷയം
മനുഷ്യരായി പിറന്ന നമുക്കൊക്കെ ജീവിതം ഒന്ന് ജീവിച്ചു തീർക്കുന്നതിനായി എത്രയെത്ര വേദികളിൽ കയറി ഇറങ്ങേണ്ടതായി വരും. ഓരോ കാലഘട്ടത്തിനും അനുസരിച്ചുള്ള ചായങ്ങളിടുകയും ചമയങ്ങൾ ധരിക്കുകയും വേണം.
ഒരേ മനുഷ്യൻ തന്നെ വിവിധങ്ങളായ ഭാവാഭിനയം നടത്തുന്നത് വിസ്മയകരമാണ്. പലതരത്തിലുള്ള കഥാപാത്രങ്ങൾ ഒരേ മനുഷ്യനെ കൊണ്ട് തന്നെ ആടിയ്ക്കുമ്പോൾ, കഥയും തിരക്കഥയും രചിച്ച, സംവിധാനം നിർവഹിച്ച ആ അദൃശ്യ സംവിധായകൻ അത്ഭുതത്തോടെ ആയിരിക്കും അഭിനയ മിഴിവ് നോക്കിക്കാണുന്നത്.
ശൈശവത്തിനും വാർദ്ധക്യത്തിനും മദ്ധ്യേ, ഒരു മനുഷ്യൻ അഭിനയിച്ച് മുന്നേറുന്നത്, നവരസ പ്രാധാന്യങ്ങളായ എത്രയെത്ര കഥാപാത്രങ്ങളാണ് എന്ന് ഓർക്കാറുണ്ടോ. നിങ്ങൾ ഓരോരുത്തരുടെയും, നമ്മൾ ഓരോരുത്തരുടെയും ജീവിതം തന്നെ എടുത്തു നോക്കിയാൽ നമുക്ക് അൽഭുതം തോന്നാറില്ലേ.
ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ മനുഷ്യൻ തൻ്റെ മനസ്സിനെ പാകപ്പെടുത്തി എടുക്കാറുണ്ട്. അപ്പോഴാണ് ആ കഷ്ടപ്പാടുകളെ അതിജീവിക്കാനുള്ള ധൈര്യം നമുക്ക് കിട്ടുന്നത്. ബുദ്ധിമുട്ടുകളും കഷ്ടങ്ങളും സഹിച്ച് വരുന്ന ഒരു മനുഷ്യൻ ഏറ്റവും കരുത്തനാണ്. ജീവിതത്തിലെ മറക്കാനാവാത്ത പലപാഠങ്ങളും അവന് ഓർക്കാൻ ഉണ്ടാവും.
ഒരുപക്ഷേ അവനെ കരുത്തനാക്കാൻ ആയിരിക്കാം, സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി ഉണ്ടാകുന്നതിനു വേണ്ടിയായിരിക്കാം ഈ കഷ്ടപ്പാടുകൾ എന്നോർത്ത് സമാധാനിക്കാം. ലോകത്ത്, ആത്മശക്തിയുള്ള ആളുകളും, നേതാക്കളും, ഭരണ തന്ത്രജ്ഞരും, ഉന്നത ഉദ്യോഗസ്ഥരും തുടങ്ങി എല്ലാം മേഖലകളിലും തിളങ്ങി നിൽക്കുകയും വിജയിച്ചു നിൽക്കുകയും ചെയ്യുന്ന എല്ലാ വ്യക്തിത്വങ്ങളും കരുത്ത് ആർജ്ജിച്ചത് അവരുടെ പ്രതിസന്ധികളെ അതിജീവിച്ചപ്പോഴാണ്.
ഏറ്റവും ശക്തനായ കഥാപാത്രമായി അഭിനയിക്കുന്ന വേളയിൽ ഉണ്ടാവുന്ന മുറിവുകൾ സ്വാഭാവികമാണ്. അത്തരം മുറിവുകൾ പൊള്ളൽ ഏൽപ്പിക്കുമ്പോൾ ആ വടുക്കൾ ഒരുകാലത്തും മാഞ്ഞ് പോകാതെ നിൽക്കും. അത് ഇന്നലെകളുടെ വേദനകളെ ഓർമിപ്പിക്കാൻ വേണ്ടിയാണ്. ഇന്നലെകളിൽ ആ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ പലരും ദുർബലായി പോയേനെ എന്നോർക്കുക.
സുഭാഷ് ടിആർ