"മുന്നോട്ട് പോകുന്നതിന്റെ രഹസ്യം ആരംഭിക്കുക എന്നതാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
man

ഒട്ടുമിക്ക ആളുകളും പരാജയപ്പെടുന്നത് കഴിവും താല്പര്യവും ഇല്ലാത്തതുകൊണ്ടൊന്നുമല്ല, മറിച്ച് കാര്യങ്ങൾ അതാതിന്റെ സമയത്തു തുടങ്ങാൻ മടികാട്ടുന്നതുകൊണ്ടാണ് എന്ന് തോന്നാറില്ലേ. "ശുഭസ്യ ശീഘ്രം" എന്ന ഈ ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാവും. നല്ല കാര്യങ്ങൾ വെച്ച് താമസിപ്പിക്കരുത്,  എത്രയും പെട്ടെന്ന് ആരംഭിക്കുക എന്നതാണ് ഇതിനർത്ഥം.

ജീവിതത്തിൽ വിജയം കൈവരിക്കാൻ ഈ ചൊല്ല് മറക്കാതിരിക്കുക.   ലക്ഷ്യങ്ങൾ മാത്രം ഉണ്ടായാൽ പോരാ, തുടക്കവും വേണം. ഒരു വാഹനം സ്റ്റാർട്ട് ചെയ്ത് ഒന്നാമത്തെ ഗിയറിലിട്ടാലല്ലേ അതിന് മുന്നോട്ട് സഞ്ചരിക്കാൻ കഴിയൂ. പിന്നീട് രണ്ടും മൂന്നും നാലും അഞ്ചും ഗീയറുകൾ മാറിമാറി ഇടുമ്പോൾ വാഹനം കുതിച്ചു  പായുന്നതു പോലെയാണ് മനുഷ്യ ജീവിതത്തിലും സംഭവിക്കുക.  

ചിന്തകളും പദ്ധതികളും എത്ര മികച്ചതാണെങ്കിലും അവ പ്രാവർത്തികമാക്കാത്തപക്ഷം ഫലം പൂജ്യമാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആദ്യത്തെ ചുവടുവെപ്പാണ്. അത് ധൈര്യത്തോടെ എടുത്തുകഴിഞ്ഞാൽ പകുതി ദൂരം പിന്നിട്ടതുപോലെയാണ്. ഒരു കാര്യവും പിന്നത്തേക്ക്  മാറ്റിവയ്ക്കാതിരിക്കുക. എല്ലാ സാഹചര്യങ്ങളും അനുകൂലമാകാൻ കാത്തിരുന്നാൽ ഒരിക്കലും ഒന്നും തുടങ്ങാൻ കഴിയില്ല എന്നോർക്കുക. കൈയ്യിൽ ഉള്ള വിഭവങ്ങളോടെ തുടങ്ങിവയ്ക്കുക.

വലിയ ലക്ഷ്യങ്ങൾ നേടാൻ ചെറിയ തുടക്കത്തിന് കഴിയും.  പരാജയം സംഭവിക്കുമോ എന്നോർത്ത് ഭയന്നിരുന്നാൽ ഒന്നും നടക്കുകയില്ല.  പാളിച്ചകളിൽ നിന്ന് പഠിക്കുക.  ഒരു ചുവടിൽ നിന്നാണല്ലോ വലുതും ചെറിയതുമായ യാത്രകൾ ആരംഭിക്കുന്നത് തന്നെ എന്നോർത്താൽ പോരേ.!

സുഭാഷ് ടിആർ

Tags

Share this story

From Around the Web