"മനുഷ്യരുടെ അസ്തിത്വത്തിന്റെ രഹസ്യം ജീവിച്ചിരിക്കുന്നതിൽ മാത്രമല്ല, ജീവിക്കാൻ എന്തെങ്കിലും കണ്ടെത്തുന്നതിലാണ്" ഇന്നത്തെ ചിന്താവിഷയം
മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാനുള്ള കൊതി ഒരിക്കലും തീരത്തില്ല. ഇനിയും ഒരു നൂറു ജന്മം കൂടി ഭൂമിയിൽ ജനിക്കണം എന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. മനുഷ്യൻ ഇപ്രകാരം വീണ്ടും ഭൂമിയിൽ ജനിക്കാൻ കൊതിക്കുന്നത് അവൻ്റെ അടങ്ങാത്ത ആഗ്രഹങ്ങൾ കൊണ്ടായിരിക്കുമല്ലോ.
എത്ര പെട്ടെന്നാണ് ഓരോ ദിനങ്ങളും കൊഴിഞ്ഞ് പോകുന്നത്. ചെറുപ്പകാലങ്ങളിൽ സമയം പോകുന്നതേയില്ല, വർഷങ്ങൾ പോകുന്നതേയില്ല എന്നൊക്കെ നമുക്ക് തോന്നിയിരുന്നില്ലേ.
എന്നാൽ ഒരു മധ്യവയസ്സ് കഴിയുന്നതോടുകൂടി കാലചക്രം വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങും. അപ്പോഴാണ് ജീവിക്കാനുള്ള കൊതി നമുക്ക് ശക്തമാകുന്നത്.
ഈ ഭൂമിയിലെ കാഴ്ചകൾ കണ്ട് മതിയായില്ല, ഇനിയും ധാരാളം നല്ല അനുഭവങ്ങൾ കാണാനും കേൾക്കാനും ബാക്കി കിടക്കുകയാണല്ലോ എന്നൊരു വേവലാതി എല്ലാവരുടെയും ഉള്ളിൽ ഉയർന്നു വരും.
മനുഷ്യൻ്റെ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ അവൻ്റെ ആഗ്രഹങ്ങളും വഹിച്ചുള്ള യാത്രയാണ്. ജീവിതത്തിൽ പലതും ഇനിയും നേടാൻ ഉണ്ട് ആഗ്രഹിച്ച പലതും കയ്യിൽ വന്നു ചേർന്നിട്ടില്ല എന്നൊക്കെയുള്ള പരാതികളും പരിഭവങ്ങളും ബാക്കി കിടക്കുകയാണ്.
മനുഷ്യൻ ജീവിച്ചിരിക്കുന്നത്, അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ഏതെങ്കിലും ഒക്കെ സംഗതികൾ അവൻ കണ്ടെത്തുന്നതുകൊണ്ടാണ്.
അത് പലർക്കും പല രീതിയിലാണ്. കുടുംബം കുട്ടികൾ ഭാര്യ ജോലി പണം സ്വത്ത് അധികാരം വിദ്യാഭ്യാസം പ്രേമം അങ്ങനെ അനവധി നിരവധി കാര്യങ്ങൾ ഓരോരുത്തരും കണ്ടെത്തി അതിൽ പറ്റിച്ചേർന്ന് കിടക്കുന്നതുകൊണ്ടാണ് മനുഷ്യൻ ജീവിതം നിലനിർത്തി കൊണ്ടുപോകുന്നത്.
സുഭാഷ് ടിആർ