"നിങ്ങളുടെ ജീവിതത്തിന്റെ ബാക്കി ഭാഗം, കൃപയാലും ലക്ഷ്യബോധത്താലും രൂപപ്പെടുത്തിയ ഏറ്റവും തിളക്കമാർന്ന അധ്യായമായി മാറട്ടെ" ഇന്നത്തെ ചിന്താവിഷയം
ഓരോ മനുഷ്യരുടെയും കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ച് ചിന്തിച്ചാൽ അവിടെ സുഖവും സന്തോഷവും സമാധാനവും വേദനകളും ദുഃഖങ്ങളും എല്ലാം കൂടി ചേർന്നുള്ള ജീവിതമായിരുന്നുവല്ലോ. പ്രതീക്ഷകളും പ്രത്യാശകളും മനുഷ്യരിൽ ഉണ്ടാവുന്നത് കൊണ്ടാണ് എന്തുതന്നെ ജീവിതത്തിൽ സംഭവിച്ചാലും മനുഷ്യൻ ഉണർന്നിരിക്കുന്നതും ജീവിച്ചിരിക്കുന്നതും.
ഓരോ പുതിയ പ്രഭാതത്തിലേക്കും മനുഷ്യൻ ഉണരുന്നത്, പുതിയ അവസരങ്ങൾ ഉണ്ടാവും എന്ന് തന്നെ വിശ്വസിച്ചു കൊണ്ടാണ്. മനുഷ്യരിൽ നന്മ ധാരാളമുണ്ട്. ജീവിത സാഹചര്യങ്ങൾ പ്രതികൂലം ആകുമ്പോൾ മനുഷ്യ സ്വഭാവം തന്നെ മാറിപ്പോകും. അപ്പോൾ അവൻ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാൻ തുടങ്ങും. അവനിലെ നന്മയെ ഇല്ലാതാക്കാൻ നിരാശാബോധവും അസഹിഷ്ണുതയും മാനസിക സമ്മർദ്ദവും പകയും വിദ്വേഷവും എല്ലാം നിറച്ചുകൊണ്ട് തിന്മ ഉദയം ചെയ്യും.
ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ, സന്ധി ചെയ്യാതെ തളരാതെ പൊരുതി ജയിക്കണം. വീഴ്ചകൾ അനുഭവങ്ങളും പാഠങ്ങളും ആണ് എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എന്താണ് പ്രശ്നം. കുറേയധികം ധനം സമ്പാദിച്ചു എന്ന് കരുതുക. അത് മറ്റുള്ളവർക്ക് കൂടി പ്രയോജനകരമാകുന്നില്ല എങ്കിൽ അതുകൊണ്ട് എന്താണ് പ്രയോജനം, ആ പണത്തിന് എന്താണ് മൂല്യം.?
ജീവിച്ചിരിക്കുന്ന കാലയളവിൽ മറ്റുള്ളവർക്ക് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ഉപകാരങ്ങൾ, അല്ലെങ്കിൽ നമ്മളെ കൊണ്ട് എന്തെങ്കിലും മാറ്റങ്ങൾ ലോകത്തിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതല്ലേ ഏറ്റവും പ്രാധാനം. ഇതുവരെ ജീവിച്ചത് എങ്ങനെയൊക്കെയാണെങ്കിലും അതെല്ലാം മറന്നേക്കൂ. മനസ്സിൽ നന്മയും സഹജീവി സ്നേഹവും കാരുണ്യവും ഉണ്ടാകാൻ ദൈവത്തിൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.
ജീവിതത്തെ ശാന്തതയോടെയും എന്നാൽ കരുതലോടെയും അഭിമുഖീകരിക്കുക. നമ്മുടെ വാക്കും പ്രവർത്തിയും ചിന്തകളും എല്ലാം നേർവഴിക്ക് തന്നെ കൊണ്ടുപോവുക. ശിഷ്ടകാലം, സമൂഹത്തിനും ലോകത്തിനും വെളിച്ചമാകുവാൻ കഴിയുന്ന മട്ടിൽ ജീവിക്കുക.
സുഭാഷ് ടിആർ