"സ്വയം അറിയാത്തപ്പോൾ മാത്രമേ മറ്റുള്ളവരുടെ അഭിപ്രായം പ്രധാനമാകൂ"ഇന്നത്തെ ചിന്താവിഷയം

സ്വയം അറിയുക എന്നുള്ളത് പരമപ്രധാനമായ ആവശ്യമാണ്. നാം നമ്മെ തന്നെ അറിയുമ്പോഴാണ് നമ്മുടെ ജീവിതത്തെക്കുറിച്ച് നമുക്ക് തന്നെ വിലയും വലിപ്പവും തോന്നുകയുള്ളൂ.
സ്വയം അറിയാൻ വേണ്ടി കുടുംബവും രാജ്യാധികാരവും ത്യജിച്ച സിദ്ധാർത്ഥ ഗൗതമൻ,ഗൗതമ ബുദ്ധനായത് പോലെയൊന്നും ആകാനും അനുകരിക്കാനും നമുക്ക് കഴിയത്തില്ല. അങ്ങനെ ചെയ്യണമെന്നല്ല പറയുന്നത്.
വളരെയധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യൻ താനാരാണെന്ന് പോലും അറിയാതെ വരുന്ന മുഹൂർത്തങ്ങൾ ഒട്ടനവധിയാണ്. തീരുമാനങ്ങൾ എടുക്കാനാവാതെ പകച്ചുനിൽക്കുന്ന അവസ്ഥകൾ ഓരോരുത്തരും അനുഭവിച്ചിട്ടുണ്ടാവും.
പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നത് ഒട്ടനവധി ആളുകളാണ്. വ്യക്തിപരമായ പ്രശ്നങ്ങളും സങ്കടങ്ങളും ആരോടും പറയാനാവാതെ മനസ്സിൽ ഒതുക്കി കൊണ്ടുനടക്കുന്ന അനേകം ജന്മങ്ങൾ നമ്മുടെ ചുറ്റുമുണ്ട്.
എന്തു ചെയ്യണം എന്നറിയാതെ, സ്വയം മറന്നു പോകുന്ന സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് തിരിച്ചറിയാൻ സാധിക്കാതെ വരുമ്പോൾ പരാശ്രയം തേടുന്നതാണ് ഉചിതം.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും അതിനെ വിലയിരുത്താനും പഠിക്കാനും നമുക്ക് കഴിയണം. നമ്മളെ തന്നെ തിരിച്ചറിയാൻ, മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായത്തിന് കൂടുതൽ സ്വീകാര്യത ഉണ്ടാകുന്നത് എന്ന് ഓർക്കുക.
സുഭാഷ് ടിആർ