"അടുക്ക് പറയുന്നവന് അഞ്ഞാഴി; മുട്ടം വെട്ടുന്നവന് മുന്നാഴി" ഇന്നത്തെ ചിന്താവിഷയം

എന്നും പ്രസക്തമാണ് ഈ പഴഞ്ചൊല്ല്. ഇത് കേട്ടിട്ടുള്ള എത്ര പേർ പഴയ തലമുറയിൽ പെട്ടവർ ഇന്ന് ഉണ്ടെന്ന് നിശ്ചയം ഇല്ല. പുതിയ തലമുറയാകട്ടെ കേട്ടിട്ട് പോലും ഉണ്ടാവുകയില്ല. ഈ പഴഞ്ചൊല്ല് എന്താണ് പറഞ്ഞുതരുന്നത് എന്ന് അറിയാമോ.?
കഠിനമായി അധ്വാനിക്കുന്നവന് അല്പമാത്രം കൂലി ലഭിക്കുമ്പോൾ, കയ്യുംകെട്ടി നോക്കി നിൽക്കുന്നവന് അധികകൂലി ലഭിക്കുന്നു. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ പെട്ടെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന പല സംഭവങ്ങളും ഇപ്പോൾ മനസ്സിൽ വന്നിട്ടുണ്ടാവും. ചെയ്യാത്ത ജോലിക്ക് കൂലി പിടിച്ചു മേടിക്കുന്ന മനോഹരമായ ഒരു ആചാരം കേരളത്തിൽ കണ്ടുവരുന്നുണ്ടല്ലോ.
സമൂഹത്തിൽ വളരെയധികം ക്ലേശങ്ങൾ സഹിച്ച് ജോലി ചെയ്യുന്നവർക്ക് അവർ അർഹിക്കുന്ന വേതനം കിട്ടുന്നില്ല എന്നതാണ് സത്യം. അവർക്ക് അത് കിട്ടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണ് താനും.
എന്നാൽ ഇതിനിപ്പോൾ ഒരു വകഭേദം ഉണ്ടായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിരുന്നുകാരായി വന്ന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവർ ചോദിക്കുന്ന പ്രതിഫലമാണ് കൊടുക്കുന്നത്.
അതു കൊടുക്കാൻ നമ്മൾ തയ്യാറായിട്ട് ഇരിക്കുകയുമാണ്. എന്നാൽ മലയാളികളിൽ കോടിക്കണക്കിന് വരുന്ന ആൾക്കാർ കഠിനാധ്വാനം ചെയ്തിട്ടും ലഭിക്കുന്ന വളരെ തുച്ഛമായ വേതനം കൊണ്ട് കുടുംബം പുലർത്താൻ പാടുപെടുകയാണ്.
പൊതു സമൂഹത്തിന് ആകട്ടെ, ഇവരോട് അറപ്പും വെറുപ്പും അവജ്ഞയും. ഇത് മറ്റൊരു സാമൂഹ്യ യാഥാർത്ഥ്യം കൂടിയാണ്. ഏഷണിക്കാരും ഉപദേശക വൃന്ദങ്ങളും അധികാരത്തോട് ഒട്ടിനിൽക്കുന്നവരും എത്ര ആർഭാടത്തോടെയാണ് ജീവിക്കുന്നത് എന്ന് നോക്കൂ. ഇതാണ് ഈ പഴഞ്ചൊല്ലിന്റെ സാരാംശം.
സുഭാഷ് ടിആർ