"ഭയമില്ലാത്തവനാണ് യഥാർത്ഥ സ്വതന്ത്രൻ" ഇന്നത്തെ ചിന്താവിഷയം
 

 
freedom

വന്യമായ ചിന്താഗതികൾ ഉള്ള മനുഷ്യർ മറ്റുള്ളവരെ തങ്ങളുടെ  വിധേയരാക്കാൻ അവരുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അടിമകളാക്കി വയ്ക്കാറുണ്ട്. ആളും അർത്ഥവും ആവശ്യത്തിലധികം  ഉള്ള രാജ്യം, മറ്റ് രാജ്യങ്ങളെ  തങ്ങളുടെ കീഴിലാക്കും. ഇത്തരം  അടിമത്തങ്ങളിൽ നമ്മുടെ ഇന്ത്യ ഉൾപ്പെടെ എത്രയോ ലോക രാഷ്ട്രങ്ങൾ പെട്ടു പോയിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ബലിയർപ്പിച്ചിട്ടാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ സ്വതന്ത്രയായത്. അധികാരത്തെയും പണത്തെയും നേർക്ക് നേരെ നിന്ന് വെല്ലുവിളിക്കാൻ ഭയമില്ലായിരുന്നു ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാളികൾക്ക്. ആ പോരാട്ടങ്ങളെല്ലാം ചരിത്ര സത്യമായി നമ്മുടെ മുന്നിൽ ഇന്നും നിലനിൽക്കുന്നു. എന്നാൽ ഇന്ന് സ്വാതന്ത്ര്യം, എന്ന വാക്കും  മുദ്രാവാക്യവും ചില ആളുകൾ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ ഖേദം തോന്നുന്നില്ലേ. 

ആവശ്യത്തിലധികം സ്വാതന്ത്ര്യം അനുഭവിച്ച് കൊണ്ട് തന്നെ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ  ഭീരുക്കളല്ലേ. ഇത് ബാഹ്യമായ  സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളി അല്ല. നിലാവ് ഉദിക്കുമ്പോൾ ചില ജന്തുക്കളുടെ ഉള്ളിൽ ഭയം ഉണ്ടാവുകയും അവ  നിലവിളിക്കുകയും ചെയ്യുന്നതുപോലെ മാത്രമേ ഇതിനെ കാണാനാവൂ. നേരായ മാർഗ്ഗത്തിലൂടെ നേടാൻ കഴിയാത്തത്  കുത്സിത മാർഗത്തിലൂടെ,   അനർഹമായവരുടെ കൈകളിൽ എത്തിക്കാനുള്ള നാടകമാണ് ഇത്തരക്കാരുടേത്. ഇനി വ്യക്തികളുടെ  കാര്യങ്ങൾ എടുത്ത് നോക്കിക്കോളൂ.  

പരാജയപ്പെടുമോ, മറ്റുള്ളവർ എന്ത് വിചാരിക്കും തുടങ്ങിയ ഭയം അവരെ മാനസികമായി തടങ്കലിലാക്കുന്നു. ഇത്തരം ഭയങ്ങൾ ബാധിച്ച ഒരാൾക്ക് സ്വന്തം കഴിവുകളിൽ വിശ്വാസവുമില്ല,  യാതൊരു കാര്യവും പരിപൂർണ്ണതയിൽ എത്തിക്കാനും കഴിയത്തില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ,   മറ്റുള്ളവരുടെ ഉപദേശങ്ങൾ   അനുസരിച്ച് പ്രവർത്തിക്കേണ്ടി വരും. മനസ്സിൽ ധൈര്യമുള്ള ഒരാൾ  പ്രതിസന്ധികളെ കണ്ട് പിന്മാറുകയില്ല. തെറ്റുകൾക്കെതിരെ ശബ്ദമുയർത്താനും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനും ധീരത ആവശ്യമാണ്. എന്നാൽ അത് തെറ്റുകൾ ആണെന്നും, അനീതി ആണെന്നും ഉത്തമ ബോധ്യം ഉണ്ടാകണം എന്ന് മാത്രം.

Tags

Share this story

From Around the Web