"ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് നിർത്തി, ഞാൻ ചെയ്യും എന്ന് പറയാൻ തുടങ്ങുക എന്നതാണ്. അസാധ്യമായ ഒന്നും പരിഗണിക്കരുത്" ഇന്നത്തെ ചിന്താവിഷയം
ഒലിവർ ട്വിസ്റ്റ് എന്ന അതിപ്രശസ്ത ഇംഗ്ലീഷ് നോവലിൻ്റെ രചയിതാവ്, ചാൾസ് ഡിക്കൻസന്റെ നിരീക്ഷണമാണിത്. ഒരോ മനുഷ്യരും ഒത്തിരി ഒത്തിരി ആഗ്രഹങ്ങളോടെയാണ് ഭൂമിയിൽ ജീവിക്കുന്നത്. ആഗ്രഹങ്ങൾക്ക് അതിരുകളില്ല താനും.
"ആഗ്രഹങ്ങൾ കുതിരകൾ ആയിരുന്നുവെങ്കിൽ യാചകർ അതിൽ കയറി സഞ്ചരിക്കുമായിരുന്നു" എന്ന പ്രശസ്ത വാക്കുകൾ പലവട്ടം ഇവിടെ കുറിച്ചിട്ടുണ്ട്. ആശയ സന്ദർഭവും സാഹചര്യവും അനുസരിച്ച് വീണ്ടും വീണ്ടും ചില വാക്കുകൾ ഉദ്ധരിക്കുന്നത് ചർവിത ചർവണം ആണെങ്കിലും സ്വാഭാവികവുമാണല്ലോ.
സ്വപ്നങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന മനുഷ്യർ, ആഗ്രഹ പൂർത്തീകരണത്തിനായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ആഗ്രഹങ്ങൾ സ്വപ്നങ്ങൾ തന്നെയാണ്. സ്വപ്നം കാണാത്തവരും ആരുമില്ല. പലരുടെയും ആഗ്രഹങ്ങൾ പലതാണ്.
പലരും കാണുന്ന സ്വപ്നങ്ങളും വേറെയാണ്. ഉയർന്ന ജോലി, ഉന്നത വിദ്യാഭ്യാസം, ധനം, പദവി, സാമൂഹ്യ അംഗീകാരം തുടങ്ങി ഒരു മനുഷ്യന് സ്വപ്നം കാണാൻ എന്തെല്ലാമാണ് ഉള്ളത്. ഞാൻ ഒരു കാര്യം ആഗ്രഹിക്കുന്നു,
എനിക്ക് ഇന്നത് ചെയ്യണം, എനിക്ക് ഇന്ന ഇടത്ത്, അല്ലെങ്കിൽ ഇന്ന പദവിയിലെത്തണം, അല്ലെങ്കിൽ എനിക്ക് അത് നേടണം എന്നാഗ്രഹിക്കുന്നു എന്ന് പറയുന്നതിന് പകരം, ഞാനത് ചെയ്യുന്നു, ഞാൻ അത് ചെയ്യും, ഞാൻ അത് ചെയ്യാൻ പോവുകയാണ്, എന്ന് ഉറച്ച ശബ്ദത്തോടെ തന്നെ പറയുക. കാതും മനസ്സും അത് കേട്ട് കുളിരു കോരട്ടെ.
ഏതൊരു കാര്യത്തെയും അസാദ്ധ്യമെന്ന കരുതി തള്ളിക്കളഞ്ഞേക്കരുത്. അസാദ്ധ്യമായ കാര്യങ്ങൾ പൊരുതി നേടുമ്പോഴാണ് അതിൻ്റെ വിജയം ഇരട്ടിയാവുന്നത്, മധുരതരമാകുന്നത്. അതെങ്ങനെയാണെന്ന് വെച്ചാൽ, അതിനെ വിജയത്തിലേക്ക് എത്തിക്കുന്നതിനുള്ള സാദ്ധ്യതകളെ നല്ലവണ്ണം നിരീക്ഷിക്കുക, വിശകലനം ചെയ്യുക.
എന്നിട്ട് ആ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി പ്രസ്തുത കാര്യം സാധിച്ചെടുക്കുക. ഇന്നുമുതൽ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നതിന് പകരം ഞാനത് ചെയ്യും ഞാൻ അത് ചെയ്തിരിക്കും എന്ന് ആവർത്തിച്ച് പറഞ്ഞ് പറഞ്ഞ് നിങ്ങളുടെ ആഗ്രഹങ്ങളെ നേടിയെടുക്കുക.
സുഭാഷ് ടിആർ