"ജനക്കൂട്ടം അസത്യമാണ്" ഇന്നത്തെ ചിന്താവിഷയം
മനുഷ്യ സമൂഹത്തിൽ ഇന്നലെയും ഇന്നും നാളെകളിലും എക്കാലത്തും പ്രസക്തമാണ് ഈ വാക്കുകൾ. കുറെ ആളുകൾ ഒന്നിച്ചു ചേർന്ന് പറയുന്നതല്ലേ, അതായിരിക്കും ശരി എന്ന് ചിന്തിക്കുന്ന ധാരാളം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അങ്ങനെ ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്, ചില ആളുകൾ അവരെ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തിച്ചതിനാലാണ്.
ഒരു പ്രത്യേക അജണ്ട നടപ്പാക്കാൻ, ആരെയെങ്കിലും ഒക്കെ ലക്ഷ്യം വെച്ച്, അവർ ശരിയല്ല, അവർ ചെയ്യുന്നതൊട്ടും തന്നെ ശരിയല്ല എന്ന് പറഞ്ഞു പരത്താൻ സമൂഹ മാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങളിലൂടെയും ചിലർ പണിയെടുക്കുമ്പോൾ അത് വിശ്വസിക്കാനാണ് ആളുകൾക്ക് ഇഷ്ടം. മാധ്യമങ്ങളിൽ വരുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ചിന്താശേഷിയില്ലാത്തവർ എല്ലായിടത്തുമുണ്ട്. അത്തരം ചിന്താഗതികളെ പാടെ തള്ളിക്കളയുന്നതാണ് "ആൾക്കൂട്ടം അസത്യമാണ്" എന്ന ചിന്ത.
എന്തുകൊണ്ടാണ് ആൾക്കൂട്ടം അസത്യമാകുന്നത് എന്നറിയാമോ.? യുക്തി ബോധത്തോടെയും ധാർമികതയോടെയും ഒരാൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയും. അതിനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്ക് ഉണ്ട്.
എന്നാൽ അയാൾ ഒരു ജനക്കൂട്ടത്തിനിടയിൽ പെട്ടാൽ അയാൾ ചിന്തിച്ചതെല്ലാം മറന്ന് ജനക്കൂട്ടത്തിന്റെ ചിന്തകൾക്ക് കീഴടങ്ങുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ആൾക്കൂട്ടത്തിന് പിന്നിൽ ഒളിക്കാൻ ആളുകൾക്ക് ഇഷ്ടമാണ്, കാരണം അവിടെ ഉത്തരവാദിത്തമില്ല. എന്ത് കൊള്ളരുതായ്മ കാണിച്ചാലും അതിൻ്റെ ഉത്തരവാദിത്വം തനിച്ചല്ലല്ലോ ഏൽക്കേണ്ടത്. അതുകൊണ്ടാണ് ആൾക്കൂട്ടം വളരെ മൃഗീയമായി ആളുകളെ ആക്രമിക്കുന്നത്. നമുക്കറിയാവുന്ന പല പല അക്രമങ്ങളും വംശഹത്യകളും തെളിവായി ഇന്ന് നമ്മുടെ മുന്നിൽ ഉണ്ടല്ലോ.
സമൂഹമാധ്യമങ്ങൾ, അങ്ങേയറ്റം സജീവമായിരിക്കുന്ന ഇന്നത്തെ കാലത്ത് ആൾക്കൂട്ടം കൂടുതൽ ശക്തമായി വരുന്നു. ഒരു സംഗതിയുടെയും സത്യാവസ്ഥ ആൾക്കൂട്ടത്തിന് അറിയേണ്ട. സൈബർ ഇടങ്ങളിൽ വലിയൊരു സംഘം ആളുകൾ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വേട്ടയാടുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് സത്യത്തിന് വേണ്ടിയുള്ള നിലവിളിയല്ല. ആളുകളെ ഭയപ്പെടുത്താനും നിർജീവമാക്കാനുമുള്ള കൊലവിളി ആണെന്ന് ജനങ്ങൾ തിരിച്ചറിയുന്നത് വരെയേ ഇതിനായുസ്സുള്ളു.
ലോകത്തിൻ്റെ പല ഭാഗത്തുമുള്ള അത്തരം വ്യാജന്മാരെ തിരിച്ചറിയുന്ന ജനങ്ങൾ ഒന്നടങ്കം ഉണർന്ന് എഴുന്നേറ്റ് പെരും നുണയൻമാരെയും വഞ്ചകരെയും ജനദ്രോഹികളെയും അടിച്ചോടിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ആൾക്കൂട്ടങ്ങളെ സത്യസന്ധർ എന്ന് കരുതി വിശ്വസിക്കരുത്, അത് വേഷപ്രച്ഛന്നരായ അധർമ്മികളുടെ ഒത്തുചേരലാണ്.
സുഭാഷ് ടിആർ