"മറ്റുള്ളവർക്ക് ഇരുട്ടിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി കണ്ടെത്തുന്നതിന് നിങ്ങളാകുന്ന വെളിച്ചം വളരെ ആഴത്തിലും വ്യക്തതയോടെയും പ്രകാശിക്കട്ടെ" ഇന്നത്തെ ചിന്താവിഷയം 

 

 
man

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം.? മനുഷ്യർ ഇരുകാലികളും മൃഗങ്ങൾ നാൽക്കാലികളുമാണ് എന്ന് ഉത്തരം പറയുന്നവരുണ്ട്. അത് ശരിയാണ്.

ചിന്തിക്കാൻ കഴിയുന്നവനാണ് മനുഷ്യൻ.  ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നവരാണ് മനുഷ്യൻ. ചിരിക്കാൻ കഴിയുന്നവനാണ് മനുഷ്യൻ. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ചെയ്യുന്ന പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയത്തില്ലല്ലോ. വിവേകവും വകതിരിവും മനുഷ്യർക്ക് മാത്രമല്ലേ  ഉള്ളൂ.

എന്നാൽ പലരും അത് പുറത്ത് പ്രകടിപ്പിക്കാത്തതിനാൽ മൃഗസമാനരായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ മനുഷ്യരും മറ്റുള്ളവർക്ക് മാതൃകയാകേണ്ടതിന് അവരുടെ ചിന്തകളും പ്രവർത്തികളും നന്മയിൽ അധിഷ്ഠിതമായിരിക്കണം. വലിയ പഠിപ്പും ജോലിയും മാത്രമല്ല ഒരാളെ ആദരണീയനാക്കുന്നത്.

സമ്പന്നൻ ആയതുകൊണ്ടും ശ്രേഷ്ഠൻ ആകുന്നില്ല. അന്യർക്ക് നന്മ ചെയ്യാനുള്ള മനസ്സും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാനുള്ള ഹൃദയവും ഉണ്ടെങ്കിൽ നിങ്ങൾ സമ്പന്നനാണ്. അവിടെ നിങ്ങളുടെ വിദ്യാഭ്യാസമോ പദവിയോ ഒന്നും തന്നെ ആർക്കും പ്രശ്നമല്ല.

നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവർക്ക് സന്തോഷം നൽകുന്നുണ്ടെങ്കിൽ അത് നിങ്ങളിലെ നന്മയുടെ പ്രകാശത്തിന്റെ ബഹിർസ്ഫുരണമാണ്. നിങ്ങളെ കാണുന്നവർക്ക്  നിങ്ങൾ ഒരു വലിയ പ്രകാശഗോപുരം  ആണ്. നന്മയുടെ, സ്നേഹത്തിൻ്റെ പ്രകാശഗോപുരം. നിങ്ങളിൽ നിന്ന് പ്രസരിക്കുന്ന നന്മയുടെ കിരണങ്ങൾ മറ്റുള്ളവരെ ഇരുട്ടിൽ നിന്നും പുറത്തു കടക്കാൻ സഹായിക്കും, സഹായിക്കുമാറാകട്ടെ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web