"നമ്മുടെ ജീവിതത്തിൽ നല്ല ആളുകളുടെ പ്രാധാന്യം ഹൃദയമിടിപ്പിന്റെ പ്രാധാന്യം പോലെയാണ്. അത് ദൃശ്യമല്ല, പക്ഷേ നിശബ്ദമായി നമ്മുടെ ജീവിതത്തെ പിന്തുണയ്ക്കുന്നു" ഇന്നത്തെ ചിന്താവിഷയം
നമ്മുടെ ജീവിതത്തിലേക്ക് അനേകം ആളുകൾ കടന്നു വരാറുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് ആദ്യം കടന്ന് വരുന്നത് നമ്മുടെ അമ്മയാണ്.
പിന്നെ അച്ഛൻ, അച്ഛൻറെയും അമ്മയുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ സഹപാഠികൾ, സഹപ്രവർത്തകർ, ഭാര്യ, ഭാര്യയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, മക്കൾ, അവരുടെ കൂട്ടുകാർ, തുടങ്ങി എത്ര വലിയ ഒരാൾക്കൂട്ടമാണ് ഒരു മനുഷ്യനോട് ബന്ധപ്പെട്ട് നിൽക്കുന്നത് ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ.
മേൽപ്പറഞ്ഞവർ മാത്രമല്ല, അതും അതിലപ്പുറവും ആളുകൾ ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ചുറ്റിപ്പറ്റി നിൽക്കും. ഇതിൽ, നല്ല ആളുകളും മോശമാളുകളും ഉണ്ടാകും എന്നതിന് തർക്കമില്ലല്ലോ. ഇത്തരം ആളുകൾ സമൂഹത്തിൽ എല്ലായിടത്തും ഒരുപോലെയാണ് കാണപ്പെടുന്നതും.
നമുക്ക് അഭ്യൂദയം ഉണ്ടാകാൻ ആഗ്രഹിക്കുന്നവരെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നത് നമ്മളോടുള്ള അവരുടെ സ്നേഹവും താൽപര്യവും കരുതലും കൊണ്ടാണല്ലോ. ഒരാൾക്ക് അഹിതമായിട്ട് വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ഇവർ ഒന്നും തന്നെ ചെയ്യത്തില്ല. എപ്പോഴും നമ്മുടെ കൂടെ ഇവർ ഉണ്ടാകണമെന്നില്ല.
എന്നാൽ ഇവരുടെ അദൃശ്യ സാന്നിദ്ധ്യം പല സന്ദർഭങ്ങളിലും നമ്മൾ അനുഭവിക്കാറുണ്ട്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന ഉയർച്ചയിലും വളർച്ചയിലും ഹൃദയംകൊണ്ട് സന്തോഷിക്കുന്നവരാണ് ഇവർ. നമ്മുടെ നന്മയ്ക്കായി ഇവർ വഴികൾ ഒരുക്കുന്നതും നമ്മൾ അറിയാറില്ല.
രക്തബന്ധം ഉള്ളവർ ആകണമെന്നില്ല ഇവർ. കുലീനമായ ചിന്തകൾ ഉള്ളവരാണ് ഇത്തരം ആളുകൾ. അവരുടെ ജീവിതവും അത്രമാത്രം ഉന്നത നിലവാരത്തിൽ ആയിരിക്കും. അത് സാമ്പത്തിക ഔന്നത്യം കൊണ്ടല്ല.
മറിച്ച് അവരുടെ കുലീനമായ പെരുമാറ്റവും സഭ്യമായ സംസാരവും നമുക്ക് ജീവിതത്തിൽ ഉയരാനുള്ള പ്രചോദനം ലഭിക്കും. ഇത്തരം ആളുകളെ മാതൃകകളാക്കി മുന്നേറുകയാണ് നമ്മുടെ ജോലി. ഹൃദയമിടിപ്പിന്റെ പ്രാധാന്യം പോലെയാണ് നമ്മുടെ ജീവിതത്തിൽ ഇവരുടെ പ്രാധാന്യവും.
ഹൃദയമിടിപ്പ് പുറത്തേക്ക് കാണാൻ ആവില്ലെങ്കിലും അത് അവിടെ പ്രവർത്തിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അതുപോലെയാണ് നമ്മുടെ ജീവിതത്തിൽ ഇത്തരം ആളുകളെ പ്രാധാന്യവും എന്ന് മറക്കരുത്.
സുഭാഷ് ടിആർ