"നമുക്ക് ലഭിച്ച സമ്മാനമാണ് ജീവിതമെന്ന നിധി. ചിലർ സമ്മർദ്ദം കൊണ്ട് അത് നിറയ്ക്കുമ്പോൾ, മറ്റ് ചിലർ സന്തോഷം കൊണ്ട് നിറയ്ക്കുന്നു" ഇന്നത്തെ ചിന്താവിഷയം
മനുഷ്യജന്മം ലഭിക്കുക എന്നത് വലിയ പുണ്യമാണ്. മനുഷ്യജന്മം പ്രാപിക്കുന്നതിന് മുമ്പ് ആത്മാവ് വ്യത്യസ്തങ്ങളായ എത്രയോ ജീവികളായിരുന്നു എന്നറിയാമോ. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇതേക്കുറിച്ച് വർണ്ണിച്ചിട്ടുണ്ടല്ലോ.
നമ്മൾ കാണുന്ന, നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളും, മനുഷ്യജന്മം ലഭിക്കുന്നതിന് മുമ്പുള്ള ആത്മാവിൻ്റെ കൂടുവിട്ട് കൂടുമാറ്റ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് പൂന്താനം നമ്പൂതിരി വർണ്ണിച്ചിരിക്കുന്നതിന്റെ സാരം. ഈച്ചയും പൂച്ചയും പശുക്കളും പുഴുക്കളും മരങ്ങളും പുല്ലും എന്ന് വേണ്ട ഇക്കാണുന്ന സകലതും മനുഷ്യജന്മം സ്വീകരിക്കാനായി വിവിധ ജീവനുകളായി ജന്മം കൊണ്ടതാണ്. ഏറ്റവും ഒടുവിലാണ് ശ്രേഷ്ഠമായ നരജന്മം ലഭിക്കുന്നത്. ഇത് ദൈവത്തിൻ്റെ വരദാനമാണ്.
മനുഷ്യജന്മത്തെ ഒരു നിധിയായി കാണണം. നമുക്ക് കിട്ടിയ സമ്മാനമാണ് മനുഷ്യജന്മം എന്ന ഈ നിധി. ഈ ജന്മം നമുക്ക് നൽകിയത് സൽക്കർമ്മം ചെയ്ത് സുകൃതം നേടാനാണ്. മോക്ഷ കവാടമാണ് മനുഷ്യജന്മം. ജീവനെയും ജീവിതത്തെയും സ്നേഹിക്കുക. അന്യരെയും പ്രകൃതിയെയും ജീവജാലങ്ങളെയും തന്നെപ്പോലെ തന്നെ കരുതി സേവിക്കുക വേണം. മനുഷ്യർ എല്ലാവരും ഒരേപോലെ അല്ലല്ലോ ചിന്തിക്കുന്നതും ജീവിക്കുന്നതും.
വിഭിന്ന അഭിരുചികളും ചിന്തകളും മനുഷ്യരെ പലവിധത്തിലുള്ള പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ചിലർ ജീവിതത്തെ സമ്മർദ്ദം കൊണ്ട് നിറയ്ക്കുകയാണ്. അനാവശ്യമായ അടിച്ചേൽപിക്കലുകളും, അന്യർക്ക് ദോഷം ചെയ്യുന്ന പ്രവർത്തികളുമായി ജീവിതം നിറയ്ക്കുന്നവരുണ്ട്. അതേസമയം സന്തോഷം കൊണ്ട് ജീവിതം സമൃദ്ധമാക്കുന്നവരും ഇല്ലേ.
സന്തോഷവും സമാധാനവും ജീവിതം ഐശ്വര്യത്താൽ നിറയ്ക്കും. നമ്മുടെ ചുറ്റുമുള്ളവരിലേക്കും ആ സന്തോഷം സമാധാനവും പ്രസവിക്കുകയും ചെയ്യും. അതുകൊണ്ട് ജീവിതത്തിൽ ഉടനീളം സന്തോഷത്താൽ നിറക്കുക.
സുഭാഷ് ടിആർ