ഭാവനയെന്ന വരം, പേടിയെന്ന ശാപം: നമ്മുടെ മനസ്സിനെ എങ്ങനെ നിയന്ത്രിക്കാം? ഇന്നത്തെ ചിന്താവിഷയം 
 

 
alone

മനുഷ്യകുലത്തിന്റെ വികാസവും  വളർച്ചയും അവർ കണ്ട സ്വപ്നങ്ങളുടെ നിർമ്മിതിയാണല്ലോ. പ്രപഞ്ചം നിർമ്മിച്ച ആ അമാനുഷിക ശക്തിയുടെ ഭാവനയാണല്ലോ  ഭൂമിയും അതിലെ അലൗകികവും  അതിസുന്ദരവും ആയ കാഴ്ചകളും  മറ്റും മറ്റും.

മനസ്സിൽ വിടരുന്ന നല്ല നല്ല ഭാവനകൾ ദൃശ്യവൽക്കുമ്പോൾ ആണ് നല്ല ഒരു കെട്ടിടമോ, കഥയോ, നോവലോ, സിനിമയോ, നാടകമോ ഒക്കെ ആയി മാറുന്നത്. അതുപോലെ ജീവിതത്തെക്കുറിച്ച് നല്ല നല്ല സ്വപ്നങ്ങളും  ഭാവനയും കണ്ടാൽ ജീവിതം അതിസുന്ദരമാകും. എന്നാൽ വിരോധാഭാസം എന്ന് പറയട്ടെ, ഭൂരിഭാഗം മനുഷ്യരും നെഗറ്റീവ് ചിന്തകളുടെ അടിമത്തത്തിൽ ആയിപ്പോയി.

അകാരണമായ ഭയം ആണ് ഇന്ന് മനുഷ്യനെ ഭരിക്കുന്നത്. അധികാരം നഷ്ടപ്പെടുമോ എന്ന ഭയം, ഒരിക്കലും ഇനി അധികാരം കിട്ടത്തില്ലേ എന്ന ഭയം, പരീക്ഷയിൽ തോൽക്കുമെന്ന ഭയം, ബിസിനസ്സിൽ പരാജയപ്പെടുമെന്ന ഭയം അങ്ങനെ ഓരോ നിമിഷവും മനുഷ്യൻ ഏർപ്പെടുന്ന പ്രവർത്തികളിൽ എല്ലാം അവൻ്റെ മനസ്സിൽ ആദ്യം വരുന്നത് ഇത്തരം നെഗറ്റീവ് ചിന്തകളാണ്.  

നെഗറ്റീവ് ചിന്തകൾ,  നമുക്കെതിരേ നമ്മൾ  തന്നെ  തിരിച്ചുവിടുമ്പോൾ സകല ഉന്മേഷവും നഷ്ടപ്പെടും. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത പരാജയങ്ങളെയും  തിരിച്ചടികളെയും  ഓർത്ത് അകാരണമായി ഭയപ്പെടുമ്പോഴാണ് നമ്മുടെ സമാധാനം നഷ്ടപ്പെടുന്നത്.

ഇത്  ഭാവനയുടെ ദുരുപയോഗമാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ഭാവനയെ ഇങ്ങനെ വഴിതിരിച്ചുവിടുമ്പോൾ മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം. മനസ്സ് എപ്പോഴും അസ്വസ്ഥമാകും. അകാരണമായ ഭയവും  അനുഭവപ്പെടും.  

ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ അമിതമായി ചിന്തിയ്ക്കും. ഉറങ്ങാൻ സാധിക്കാതെ  വരുമ്പോൾ, ശാരീരികമായ മറ്റ് അസ്വസ്ഥതകൾ , രോഗങ്ങൾ എല്ലാം തനിയെ നമ്മളെ തേടിവരും.  

നാളെയെയോർത്ത് വെറുതെ വിഷമിക്കുമ്പോൾ നമ്മുടെ മുന്നിലുള്ള സുന്ദരമായ ഈ നിമിഷങ്ങൾ  ആസ്വദിക്കാൻ കഴിയാതെ പോകും.  എപ്പോഴും നല്ല കാര്യങ്ങൾ സംഭവിക്കുന്നത് കാണുക. ലക്ഷ്യങ്ങൾ നേടുന്നതും, പ്രതിസന്ധികളെ മറികടക്കുന്നതും സങ്കൽപ്പിക്കുക. നമ്മൾ ഭയപ്പെടുന്നത് പോലെ ഒരിക്കലും സംഭവിക്കാറില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി ഈ നിമിഷത്തിൽ ജീവിക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web