"ഘർഷണം കൂടാതെ രത്നം മിനുസപ്പെടുത്താനോ, പരീക്ഷണങ്ങൾ കൂടാതെ മനുഷ്യനെ പൂർണനാക്കാനോ കഴിയില്ല"ഇന്നത്തെ ചിന്താവിഷയം

തിളങ്ങുന്ന നവരത്ന കല്ലുകൾ നമ്മളെ ആകർഷിക്കാറുണ്ടല്ലോ. നവരത്ന കല്ലുകൾ പതിച്ച ആഭരണങ്ങൾ അണിയുന്നത് അഭിമാനമായി അന്നും ഇന്നും ആളുകൾ കരുതുന്നുണ്ട്. അതുപോലെ പവിഴവും ഇന്ദ്രനീലവും വൈഡൂര്യവും വജ്രവും തുടങ്ങി എല്ലാ രത്നങ്ങളും ഓരോന്നായും ആഭരണങ്ങളായി ആളുകൾ അണിഞ്ഞു വരുന്നു.
എന്നാൽ ഈ രത്നങ്ങൾ ഇത്ര തിളക്കമുള്ളതായി നമ്മളുടെ കൈകളിലേക്ക് എത്തുന്നതിനു മുമ്പ് ഇത് വളരെ വളരെ പരുക്കനായിരുന്നു എന്നും അറിയാമല്ലോ. പരുക്കനായിരുന്ന അവസ്ഥയിൽ നിന്നും രത്ന കല്ലുകളെ ഉരച്ച് ഉരച്ച് മിനുസമുള്ളതാക്കി, തിളക്കമുള്ളതാക്കി നമ്മുടെ കൈകളിലേക്ക് എത്തിക്കുന്നത് വിദഗ്ധരായ തൊഴിലാളികൾ ആണ്.
സ്വർണ്ണത്തിൻ്റെ കാര്യവും അങ്ങനെ തന്നെയാണ്. എത്രയോ പ്രോസസ്സുകളിലൂടെ കടന്നാണ് സ്വർണ്ണം അതിൻ്റെ സ്വർണ്ണ ശോഭയിലേക്ക് എത്തുന്നത്. ഊതിക്കാച്ചിയ പൊന്ന് എന്നൊക്കെ കേട്ടിട്ടില്ലേ.
ഇതുപോലെയാണ് മനുഷ്യരുടെ അവസ്ഥയും. എത്രയെത്ര വിഷമങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നാണ് മനുഷ്യൻ ഒന്ന് പരുവപ്പെട്ടു വരുന്നത്. അപൂർണ്ണനായ മനുഷ്യൻ മൃഗത്തെ പോലെയാണ്. സംസ്കാരസമ്പന്നരെന്നും പ്രബുദ്ധരെന്നും അഭിമാനിക്കുന്ന മനുഷ്യൻ, മനുഷ്യനായി മാറുന്നത് ജീവിതത്തിൽ അവൻ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളെ സങ്കീർണങ്ങളായ പ്രശ്നങ്ങളെ അതിജീവിച്ച് തന്നെയാണ്.
ഓരോ മനുഷ്യ ജീവിതവും ഓരോ പരീക്ഷണശാലയാണ്. ആ പരീക്ഷണശാലയിലെ ഉലയിൽ മനുഷ്യ ജീവിതത്തെയും, അവൻ്റെ സ്വഭാവത്തെയും ഊതിക്കാച്ചി, പൊന്നാക്കി മാറ്റാനാണ് മനുഷ്യന് ഓരോരോ വിഷമങ്ങളും കഷ്ടപ്പാടുകളും അനുഭവങ്ങളും ദൈവം കൊടുക്കുന്നത്.
ഈ പരീക്ഷണ ഘട്ടത്തിൽ നിന്നും വിജയിച്ച് വരുന്നവർ അതിശ്രേഷ്ഠന്മാരായി, പൂർണ്ണനായ മനുഷ്യരായി മാറും എന്നതിന് സംശയമില്ല.
"ഞാൻ അവരെ പണിതുയർത്തും പൊളിച്ച് കളയുകയില്ല; അവരെ നടും പറിച്ച് കളയുകയുമില്ല"
(ജറെമിയ 24:6)
സുഭാഷ് ടിആർ