"ആദ്യം അടിക്കുന്നയാൾ തന്റെ ആശയങ്ങൾ പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നു" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

ഇന്ന് എല്ലാ മനുഷ്യരും മുൻകോപികളായി മാറിയിട്ടുണ്ടോ എന്നൊരു സംശയം എല്ലാവരുടെയും മനസ്സിൽ തോന്നിത്തുടങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു. അതെന്തുകൊണ്ടാണ്  എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ആർക്കും കഴിയുന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ ചെറുപ്പക്കാർ വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്നു.

എന്തിന്, കൗമാരക്കാരായ ആൺകുട്ടികൾ സംഘം ചേർന്ന് സഹപാഠിയെ അതി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം നമ്മൾ കണ്ടിട്ടില്ലേ. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ മൂലമാണോ, ആധുനിക ഭക്ഷണ സംസ്കാരത്തിൻ്റെ ഭാഗമായിട്ടാണോ,  അതോ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ  ഉപയോഗം മൂലമാണോ പുതിയ തലമുറ അക്രമാസക്തരായി മാറുന്നത്. നാട്ടിലുണ്ടെങ്കിലും ആശയ  വിനിമയങ്ങളിൽ വരുന്ന വലിയ വിടവും, കാലതാമസവും മനുഷ്യരെ പ്രവാസികളാക്കുന്നു.

അഭിപ്രായ വ്യത്യാസങ്ങളും, അഭിപ്രായ  ഏകീകരണവും മനുഷ്യരെ ഇരു ധൃവങ്ങളിൽ ആക്കും. മനുഷ്യ ജീവിതത്തിൽ പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഭൂമിയിലില്ല എന്ന് ആദ്യമേ മനസ്സിലാക്കുക. ആശയങ്ങളും അഭിപ്രായങ്ങളും എല്ലാ വ്യക്തികൾക്കും ഉണ്ടാവും. എല്ലാവരും പരസ്പരം നല്ല കേൾവിക്കാരായാൽ ഈ ലോകം തന്നെ മാറിമറിയും. ഇവിടെ ആർക്കും കേൾക്കാൻ നേരമില്ല, ആരെയും മനസ്സിലാക്കാനും പോകുന്നുമില്ല. ഇന്ന് പല ആളുകളും പി ആർ  വർക്കുകളിലൂടെയാണ് പ്രശസ്തരാകാൻ ശ്രമിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുറെ ആളുകളെ കുറെ നാളത്തേക്ക് പറ്റിക്കാം എന്നല്ലാതെ ശാശ്വതമായ ഒരു വിജയം ഇവർക്ക് കിട്ടത്തില്ല. പരസ്പരം സംസാരിച്ച തീരാവുന്ന പല പ്രശ്നങ്ങളും ദുരഭിമാനം മൂലം വലിയ യുദ്ധങ്ങളിലേക്ക്  രാജ്യങ്ങളെയും നയിച്ചിട്ടുണ്ട് എന്ന് അറിയാമല്ലോ. ആശയങ്ങൾ ഇല്ലാതെ വരുമ്പോൾ അവിടെ യുദ്ധം ആരംഭിക്കുന്നു.

തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ സാധിക്കാതെ വരുമ്പോൾ അല്ലെങ്കിൽ അത് കാര്യക്ഷമമായി അവതരിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അയാൾ കോപിച്ചേക്കാം. ചിലപ്പോൾ അയാൾ കൂടെയുള്ളവരെ മർദ്ദിച്ചെന്നും വരാം.  അയാൾ പരാജയപ്പെട്ടു എന്ന് പരോക്ഷമായി സംസാരിക്കുന്നതാണ് ഈ മർദ്ദനം എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web