"നല്ല ദിവസവും മോശം ദിവസവും തമ്മിലുള്ള വ്യത്യാസം നിങ്ങളുടെ മനോഭാവമാണ്" ഇന്നത്തെ ചിന്താവിഷയം

ചില ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ, " ഓ.. ഇന്ന് ഒരു മോശം ദിവസമാണ്.. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ഇങ്ങനെ തന്നെയാണ്." മറ്റ് ചിലർ പറയും, "ഇന്ന് വളരെ നല്ല ദിവസമാണടോ.. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം നടന്നു.
" ശരിക്കും ഒന്ന് ആലോചിച്ചാൽ, നല്ല ദിവസവും ചീത്ത ദിവസവും ഉണ്ടോ.? അതോ അതൊക്കെ നമ്മുടെ തോന്നലാണോ.? ചില ആളുകൾ പറയുന്നു, ഇന്ന് ആരെയാണോ കണികണ്ടത്..!
ഒരു കാര്യവും നടക്കുന്നില്ലല്ലോ.!" മനുഷ്യരുടെ ഉള്ളിൽ നിന്നും സന്തോഷത്തിന്റെ പൂത്തിരികളും, ആത്മസംഘർഷത്തിന്റെ നെരിപ്പോടുകളിൽ നിന്നും ഉയരുന്ന വേവലാതികളും പുറത്ത് വരുന്നതല്ലേ ഇത്തരം വാക്കുകളിലൂടെ.
യഥാർത്ഥത്തിൽ, നമ്മുടെ ചിന്തകളല്ലേ നല്ലതും ചീത്തയും വേർതിരിച്ച് കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. അനുകൂലവും പ്രതികൂലവുമായ ചിന്തകൾ മനുഷ്യമനസ്സിൽ തിരയടിക്കാറുണ്ട്.
എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണാൻ ശ്രമിച്ചാൽ പിന്നെ നല്ലതും ചീത്തയും ഇല്ല. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. ആ പദ്ധതികളുടെ വിജയം പോലെ തന്നെയാവണം അതിലുണ്ടാകുന്ന പരാജയത്തെയും നേരിടാൻ.
ചില കാലതാമസങ്ങളും തടസ്സങ്ങളും ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെക്കുറിച്ച് നല്ല ധാരണ ഉണ്ടായാൽ നമ്മുടെ മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാവും
സുഭാഷ് ടിആർ