"ഒരാളുടെ ജീവിതകാലത്തെ സംഭാവനയുടെ ആഴം, മൂല്യവ്യവസ്ഥയുടെ ഉയരം, സഹിഷ്ണുതയുടെ വ്യാപ്തി എന്നിവയാണ് ഒരു മനുഷ്യന്റെ യഥാർത്ഥ മൂല്യം നിർണ്ണയിക്കുന്നത്" ഇന്നത്തെ ചിന്താവിഷയം

എല്ലാ മനുഷ്യരും വിലയേറിയവരാണ് എന്ന കാര്യത്തിൽ സംശയമില്ലല്ലോ. എല്ലാവർക്കും അവരുടേതായ മൂല്യങ്ങളുമുണ്ട്.
യേശയ്യ പ്രവാചകന്റെ പുസ്തകത്തിൽ നാൽപ്പത്തി മൂന്നാം അദ്ധ്യായത്തിൽ നാലാമത്തെ വചനത്തിലൂടെ ദൈവം ഇപ്രകാരം അരുളി ചെയ്യുന്നത് കേൾക്കൂ, "നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്" ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു.?
ആരൊക്കെ നിങ്ങളെ അവഗണിച്ചാലും, നിങ്ങളെ വെറുത്താലും, ആട്ടിയോടിച്ചാലും, നിങ്ങൾ കുറ്റം ചെയ്തവനാണെങ്കിലും, നിങ്ങൾ ആരുതന്നെയാണെങ്കിലും നിങ്ങൾക്ക് വില കൽപ്പിക്കുന്നവൻ നിങ്ങളുടെ കൂടെയുണ്ട് എന്നല്ലേ.
തീർച്ചയായും അങ്ങനെ തന്നെയായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. ദൈവത്തിൻ്റെ മുന്നിൽ എല്ലാവരും സമന്മാരാണന്നേ. മനുഷ്യർ തമ്മിലാണ് ജാതിമത വർഗ്ഗ വർണ്ണ ഭേദങ്ങളിലൂടെ അകൽച്ചയും വെറുപ്പും വിദ്വേഷവും അടുപ്പവും സ്നേഹവും ഒക്കെ കാണിക്കുന്നത്. ദീർഘക്ഷമയും മഹാദയയും ഉള്ളവനാണ് ദൈവം.
എന്നാൽ മനുഷ്യർ മനുഷ്യരോട് എന്തൊക്കെയാണ് ചെയ്യുന്നത്. മനുഷ്യരാണ് അന്യോന്യം ഓരോരുത്തർക്കും വിലയിട്ടു കൊണ്ടിരിക്കുന്നത്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു മനുഷ്യന്റെ മൂല്യം മറ്റൊരാൾ നിർണ്ണയിക്കുന്നത് എന്ന് കേട്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. പണത്തിന്റെ, അധികാരത്തിന്റെ, മതത്തിൻ്റെ, ജാതിയുടെ ഒക്കെ പേരിൽ ആണ് ഒട്ടുമിക്ക ആളുകളുടെയും മൂല്യം ഇന്നും വിലയിരുത്തുന്നത്. ഇതെല്ലാം, ഫ്യൂഡൽ വ്യവസ്ഥയുടെ ഇന്നും അവശേഷിക്കുന്ന ഒളിപ്പോർ മാത്രമാണ്.
എന്നാൽ യഥാർത്ഥത്തിൽ ഒരാളുടെ മൂല്യം, അയാളുടെ വില എങ്ങനെയാണ് നിശ്ചയിക്കേണ്ടത്.? അയാളുടെ ജീവിത കാലത്ത്, സമൂഹത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തിയാകാം. അതിൻ്റെ ആഴവും പരപ്പും അളക്കാം. അത് അളന്നു കിട്ടുമ്പോൾ, അയാളുടെ മൂല്യത്തിന്റെ കൂമ്പാരത്തിന്റെ ഉയരവും അളക്കേണ്ടി വരും.
അപ്പോഴാണ് ഈ മൂല്യങ്ങൾ കാത്ത് സംരക്ഷിക്കാനായി അയാൾ നെഞ്ചോട് ചേർത്തണച്ച സഹിഷ്ണുതയുടെ വ്യാപ്തി അളക്കാൻ ബാക്കി കിടക്കുന്നത്. അതും കൂടി അളന്നു കഴിയുമ്പോൾ യഥാർത്ഥത്തിൽ അയാളുടെ മൂല്യം എത്രയാണ് നിശ്ചയിക്കാൻ പറ്റും. ഇങ്ങനെയല്ലേ ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത് എന്ന് പറയുന്നതിൽ തെറ്റുണ്ടോ.? ഇതാണ് അയാളുടെ യഥാർത്ഥ വില, ഇതാണ് അയാൾ.
സുഭാഷ് ടിആർ