"നമ്മളെടുക്കുന്ന തീരുമാനം പുതിയത് ആരംഭിക്കാൻ സഹായിക്കുന്നു. അച്ചടക്കം നമ്മളെ അത് പൂർത്തിയാക്കാനും സഹായിക്കുന്നു"ഇന്നത്തെ ചിന്താവിഷയം

തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യതയും, അതുപോലെ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതും ഒരാളുടെ ജീവിതത്തെ വിജയത്തിലേക്കും പരാജയത്തിലേക്കും നയിക്കുന്നതായി കാണാം.
മനുഷ്യ ജീവിതം ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ നിറഞ്ഞതാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം എത്തിപ്പിടിക്കാൻ കഴിയുന്നത്, കൃത്യമായി പദ്ധതികൾ രൂപകൽപ്പന ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണ്.
ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്തവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നുമാണ് തുടക്കം എന്ന്. ആഗ്രഹങ്ങളെ മനസ്സിൽ നിറച്ചുവെച്ച്, അതിന്റെ പൂർത്തീകരണത്തിനുവേണ്ടി, അച്ചടക്കത്തോടെയും ചിട്ടയോടെയും പ്രവർത്തിച്ചാൽ തീർച്ചയായും ആ ലക്ഷ്യത്തിൽ എത്താൻ പറ്റും.
അതേ സമയം വ്യക്തമായ കണക്കുകൂട്ടലില്ലാതെ, ചെയ്യാൻ പോകുന്ന ജോലിയെ കുറിച്ചോ, അതിൻ്റെ വിജയ സാദ്ധ്യതകളെ കുറിച്ചോ, വരും വരായ്കകളെക്കുറിച്ചോ യാതൊരു പഠനവും നടത്താതെ പെട്ടെന്നൊരു ദിവസം എടുത്തു ചാടി പുറപ്പെട്ടാൽ അവിടെ പരാജയം സംഭവിച്ചേക്കാം. ചെറുപ്പം മുതലേ ജീവിതത്തിൽ അച്ചടക്കം പഠിക്കേണ്ടത് അനിവാര്യമാണ്.
സാമൂഹ്യ ജീവിയായ മനുഷ്യന് വളരാനും പുരോഗതി പ്രാപിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാനും ചിട്ടയോടെയുള്ള ജീവിതശൈലി ഉണ്ടായാൽ മതി. എന്നാൽ ഭൂരിഭാഗം പേരും അതിനുവേണ്ടി ശ്രമിക്കുന്നില്ല എന്നുള്ളതാണ് ഖേദകരം. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമുക്ക് മാതൃകയാക്കാവുന്ന അനേകം ആളുകളുണ്ട്.
അവരെക്കുറിച്ച് പഠിക്കുക, അവരുടെ ചിന്തകൾ, അവരുടെ ശൈലികൾ, സംസാരം, പ്രവർത്തികൾ ആളുകളോട് ഇടപഴകുന്നത് ഒക്കെ മാറിനിന്ന് വീക്ഷിച്ച് നമുക്ക് നല്ലതെന്ന് തോന്നുന്നത് ജീവിതത്തിലേക്ക് പകർത്താം. നല്ല തീരുമാനങ്ങൾ എടുക്കാനും, നടപ്പിലാക്കാനും ഇത്തരം അച്ചടക്കമുള്ളവരോടൊപ്പമുള്ള സൗഹൃദത്താൽ സാധിക്കാവുന്നതേയുള്ളൂ.
സുഭാഷ് ടിആർ