"ചിരിയില്ലാത്ത ദിവസമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ പാഴായിപ്പോയ ദിവസം"  ഇന്നത്തെ ചിന്താവിഷയം 

 

 
smile

ആധുനികതയുടെ അധിനിവേശത്തിൽ സമൂഹത്തിന് അനവധി കാര്യങ്ങൾ നഷ്ടമാവുന്നുണ്ട്. എന്നാൽ ആരും അത് തിരിച്ചറിയുന്നില്ല എന്നേയുള്ളൂ. അതിൽ ഏറ്റവും പ്രധാനവും വേദനാജനകവും ആയത് ദൈവം മനുഷ്യൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ ചിരി അന്യം നിന്നു  പോകുന്നു എന്നുള്ളതാണ്. ചുറ്റുപാടും  കണ്ണോടിച്ചാൽ എല്ലാ  മനുഷ്യരും അവർക്ക് പോലും പരിചിതമല്ലാത്ത "ഗൗരവം" എടുത്ത് അണിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മനുഷ്യനിൽ നിന്നും ആർദ്രതയും സൗമ്യതയും കൈമോശം വന്നിരിക്കുന്നു.

തിരക്കേറിയ ജീവിത യാത്രയിൽ ഹൃദയം തുറന്ന് ചിരിക്കാൻ ഇന്ന് ആർക്കും കഴിയുന്നില്ല. മനുഷ്യ ജീവിതത്തിൽ സങ്കടങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും ഒക്കെ സാധാരണ സംഭവിക്കാറുണ്ട്. ഇന്നത്തെ കാലത്ത് മാത്രമല്ല, പണ്ടും അങ്ങനെ ഒക്കെ തന്നെയായിരുന്നു. എത്ര സങ്കടങ്ങൾ ഉണ്ടായാലും വിഷമങ്ങൾ ഉണ്ടായാലും അന്നൊക്കെ  മനുഷ്യർ  പരസ്പരം കണ്ടാൽ ഹൃദയം തുറന്ന് അവർ ചിരിക്കുമായിരുന്നു. നിഷ്കളങ്കമായ ആ ചിരിയിൽ എല്ലാ വേദനകളും അലിഞ്ഞില്ലാതാകുമ്പോൾ അവരുടെ മനസ്സ്  സ്വസ്ഥമാകുമായിരുന്നു.


വേദനകളെ  അതിജീവിക്കാൻ നമുക്ക് ദൈവം നൽകിയ  ഔഷധമാണ് ചിരി. ചിരി മനസ്സിനെ ഉല്ലസിപ്പിക്കുന്നതാണ്. ചിരിക്കാൻ ആണല്ലോ എല്ലാവർക്കും ഇഷ്ടം. ഒരു കാര്യം എപ്പോഴും ഓർക്കുന്നത്  നല്ലതാണ്. നിങ്ങൾ ജീവിതത്തിൽ എത്ര ഉന്നതസ്ഥാനത്ത് എത്തിയാലും,  കോടിക്കണക്കിന് രൂപയുടെ അധിപൻ ആയാലും നിങ്ങൾക്ക് ഒരു ദിവസം പോലും ചിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ദിവസം നഷ്ടമായി എന്ന് വിചാരിച്ചാൽ മതി. ആവശ്യമില്ലാത്ത ഗൗരവം എന്തിനാണ് അല്ലേ.  

കൂട്ടുകാരുമായിട്ടും ബന്ധുക്കളുമായിട്ടും വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ചിരിച്ചും ഉല്ലസിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്. സദാ ഗൗരവക്കാരനായ ഒരാളുടെ മുഖത്തിന് അഴകും ഉണ്ടാവുകയില്ലല്ലോ. ഹൃദയം തുറന്ന് ഒന്ന് ചിരിച്ചു നോക്കൂ.  ആ ചിരി മറ്റുള്ളവരിലേക്ക് പടരുന്നത് കാണുമ്പോൾ നിങ്ങൾ വീണ്ടും വീണ്ടും പൊട്ടി പൊട്ടി ചിരിക്കും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web