"നിങ്ങളെ മാനിക്കാത്തവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി അവരിൽ നിന്നും അകലം പാലിക്കുക എന്നതാണ്. പ്രതികരിക്കരുത്. തർക്കിക്കാൻ നിൽക്കരുത്." ഇന്നത്തെ ചിന്താവിഷയം 


 

 
man

എല്ലാ മനുഷ്യർക്കും അഭിമാനബോധം ഉണ്ടല്ലോ. അത് ഉള്ളതുകൊണ്ടല്ലേ  നമ്മുടെ ആത്മാഭിമാനത്തിന് ഏത് കോണിൽ നിന്നെങ്കിലും പരിക്ക് പറ്റിയാൽ നമ്മൾ അസ്വസ്ഥരാകുന്നത്. ലോകം ഇത്ര പുരോഗമിച്ചിട്ടും, വളർന്നിട്ടും നമ്മുടെ  സമൂഹത്തിൽ ഇന്നും ഉച്ചനീചത്വവും  മാറ്റിനിർത്തലുകളും ഒക്കെ വളരെ പ്രകടമായി നടക്കുന്നുണ്ട്.  

സമൂഹത്തിലെ എല്ലാ മേഖലകളിലും ഇത് കാണാവുന്നതുമാണ്. മറ്റുള്ളവരെക്കാൾ തങ്ങൾ വളരെ ശ്രേഷ്ഠരാണ് എന്ന് വൃഥാ വിചാരിക്കുന്നവരാണ് ഇത്തരം അവഗണനകൾ കൂടുതൽ കാട്ടുന്നത്. നിങ്ങളെ മാനിക്കാത്തിടത്ത് ഒരു നിമിഷം പോലും നിൽക്കാൻ പാടില്ല എന്ന തിരിച്ചറിവ്  ഉണ്ടാവണം. ജോലി സ്ഥലത്തും, കൂട്ടുകാർക്കിടയിലും എന്തിന് സ്വന്തം വീട്ടിൽ നിന്ന് പോലും ഒറ്റപ്പെടലുകളും മാറ്റിനിർത്തലുകളും അനാദരവും അനുഭവിക്കുന്നവരുണ്ട്. നമ്മളെ  മാനിക്കാത്ത ഇടങ്ങളിൽ എങ്ങനെയാണ്  പെരുമാറേണ്ടത്.?

നമ്മളെ ബഹുമാനിക്കാത്ത ഇടത്ത്, നമ്മുടെ വാക്കുകൾക്ക് ചെവി കൊടുക്കാത്ത സ്ഥലങ്ങളിൽ,  നമ്മളെ പരിഹസിക്കുന്ന ഇടങ്ങളിൽ ഒരു നിമിഷം പോലും നിൽക്കാൻ പാടില്ല.  ഇത്തരം ആളുകളോട് ദേഷ്യപ്പെടാനോ  തർക്കിക്കാനോ നിൽക്കരുത്. നമ്മളെ എത്രമാത്രം ഒറ്റപ്പെടുത്തിയാലും, നമ്മളെ പ്രകോപിച്ചാലും നമ്മുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇല്ലെങ്കിൽ അവർ നിരാശരരാകും.  

എന്നാൽ അവരുടെ ഒപ്പം നമ്മളും ദേഷ്യം പിടിച്ചാലോ,  അല്ലെങ്കിൽ അവരോട് തർക്കിച്ച് നിന്നാലോ അവർ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ വിജയം കാണുകയും ചെയ്യും. നമ്മളെ പ്രകോപിപ്പിച്ച്, നമ്മുടെ ദേഷ്യവും സങ്കടവും  കാണാനാണ് അവർ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കുക. 
ചില മനുഷ്യർ മനഃപൂർവ്വം പ്രശ്നങ്ങളും നാടകീയതകളും ഉണ്ടാക്കി രസിക്കുന്നവരാണ്.

അവർ ഒരുക്കുന്ന കെണിയിലേക്ക്  നമ്മളെ തള്ളിയിടാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത്തരം ആളുകളോട് വാദിച്ചു ജയിക്കാൻ നോക്കുന്നത് നന്നല്ല. അവരിൽ നിന്നും അകന്നു പോകുന്നതാണ് ഏറ്റവും നല്ലത്. സ്വാർത്ഥനാണ് നമ്മൾ എന്ന് അവർ വിചാരിക്കുമല്ലോ എന്ന് കരുതി ഇത്ര നാളും അവളുടെ പരിഹാസം സഹിച്ചുനിന്നില്ലേ. അവർക്കുള്ള ഏറ്റവും നല്ല മറുപടിയാണ്, അവരിൽ നിന്നും മാറി നിൽക്കുന്നതും മിണ്ടാതിരിക്കുന്നതും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web