"നിങ്ങളുടെ കൂട്ടുകാർ ആരാണെന്ന് എന്നോട് പറയൂ; അപ്പോൾ ഞാൻ പറഞ്ഞുതരാം നിങ്ങളാരാണെന്ന്" ഇന്നത്തെ ചിന്താവിഷയം 
 

 
friends

ഓരോ മനുഷ്യനെക്കുറിച്ചും ആളുകൾക്ക് കാഴ്ചപ്പാടുകൾ ഉണ്ട്. ഒരാളെ എങ്ങനെയാണ് മറ്റുള്ളവർ  വിലയിരുത്തുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം,  സമൂഹത്തിലെ നിലയും  വിലയും, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, നിറം, ജാതി, മതം, സ്വഭാവം ഇതിലേത് ആയിരിക്കും ഒരാളെ വിലയിരുത്താൻ ആളുകൾ സ്വീകരിക്കുന്ന മാനദണ്ഡം. നല്ല കുടുംബ പശ്ചാത്തലം ഉള്ളവരെ തീർച്ചയായും ആളുകൾ ആദരിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരെയും ഒരു പരിധിവരെ ആളുകൾ ആദരിക്കുകയും മനസ്സിലാക്കുകയും ചെയ്യും.

നല്ല വിദ്യാഭ്യാസം ഉള്ളവരെ കുറിച്ചും ജനങ്ങൾക്ക് നല്ല കാഴ്ചപ്പാടാണ് ഉള്ളത്. സമൂഹത്തിൽ  സ്വീകാര്യതയുള്ളവരെയും ജനങ്ങൾ നല്ലതായി  വിലയിരുത്താറുണ്ട്. നിറവും ജാതിയും മതവും അതൊന്നും ഇന്നത്തെ കാലത്ത് ആരും അത്ര കാര്യമാക്കാറില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ച് ആയിരിക്കും ആളുകളെ വിലയിരുത്തുന്നത്. നല്ല കുടുംബ പശ്ചാത്തലവും, വിദ്യാഭ്യാസവും, സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്.

ഇവരുടെയൊക്കെ ഭൗതിക സാഹചര്യങ്ങൾ കണ്ട് ജനങ്ങൾ അവർക്ക് മാർക്ക് ഇടാറുണ്ട്. ഒരാൾ എന്താണ്, എങ്ങനെയുള്ള ആളാണ്, എന്നൊക്കെ അറിയാൻ ബുദ്ധിയുള്ളവർ ചെയ്യുന്ന തന്ത്രം നോക്കൂ. അയാളുടെ കൂട്ടുകാർ ആരാണ്, അയാൾ ആരോടൊപ്പമാണ് കൂടുതൽ ചെലവഴിക്കുന്നത് എന്നൊക്കെ മനസ്സിലാക്കിയാൽ നമ്മൾ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സ്വഭാവം നമുക്ക് മനസ്സിലാക്കാം.

അയാൾ ആരാണെന്നും വ്യക്തമാകും. സമൂഹം അങ്ങനെയാണ്, ചുറ്റും നടക്കുന്നതിനെ സദാസമയം വീക്ഷിച്ചുകൊണ്ട് ജാഗരൂകരാകും. എന്നാൽ ഇന്നത്തെ കാലത്ത് അതുകൊണ്ട് വലിയ പ്രയോജനം ഒന്നും ഉണ്ടാകത്തില്ല എന്നതാണ് സത്യം. രസകരമായ ഒരു കാര്യം കേൾക്കൂ. പണ്ടത്തെ കാലത്തെ കാരണവന്മാർ, വിവാഹപ്രായം എത്തിയ പെൺകുട്ടികൾക്ക്, വിവാഹാലോചനകൾ നടക്കുന്ന സമയത്ത് ചെയ്തുകൊണ്ടിരുന്ന ഒരുപായമുണ്ടായിരുന്നു.

പെണ്ണുകാണാൻ വരുന്ന ചെറുക്കന്മാരുടെ സ്വഭാവം അറിയാൻ വേണ്ടി ചെറുക്കന്റെ കൂട്ടുകാർ ആരൊക്കെയാണെന്ന് തിരക്കി കണ്ടുപിടിക്കും. (ആധുനിക കാലഘട്ടത്തിൽ പെൺകുട്ടികളുടെ കൂട്ടുകെട്ടിനെ കുറിച്ചും ബുദ്ധിയുള്ളവർ തിരക്കുന്നുണ്ടാകും) അതുവച്ചാണ് ആലോചനകൾ മുന്നോട്ടുകൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

അവരുടെ കണ്ടെത്തലുകൾ നൂറ് ശതമാനം ശരിയായിരിക്കും. സ്വഭാവ ഗുണമുള്ള നല്ല കൂട്ടുകാരെ ചേർത്ത് നിർത്താൻ ശ്രമിക്കുക. അവരാണ് നമ്മുടെ  ഭാവി ജീവിതത്തിൻെറ ഉയർച്ചയും താഴ്ചയും നിർണയിക്കുന്നത് എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web